
വടകര: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും പറഞ്ഞ ഷാഫി പറമ്പിൽ രാഹുലിനെ പ്രതിരോധിച്ചാണ് സംസാരിച്ചത്. രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്നും കോടതി വിധിയോ എഫ്ഐആറോ പരാതിയോ ലഭിക്കുന്നതിന് മുൻപു തന്നെ പാർട്ടി നേതൃത്വവുമായി ആലോചിച്ച് രാഹുൽ രാജി അറിയിച്ചുവെന്നും പറഞ്ഞു. പിന്നീടും കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന ചോദ്യം എന്തടിസ്ഥാനത്തിലാണെന്നു ഷാഫി ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതുമായി ബന്ധപ്പെട്ട് വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഇത്തരം ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ രാജിസന്നദ്ധത അറിയിക്കുകയും രാജിവയ്ക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുന്നതാണ് കണ്ടത്. ഈ വിമർശനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി ചോദിച്ചു.