
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ തരാലി ജില്ലയിൽ മേഘവിസ്ഫോടനം. വെള്ളിയാഴ്ച രാത്രിയോടെ അനുഭവപ്പെട്ട മേഘവിസ്‌ഫോടനത്തിൽ നിരവധി ആളുകളെ കാണാതായി. പ്രദേശത്തെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേര്‍ന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
സ്ഥലത്തെ കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരാലി - ഗ്വാല്‍ഡം റോഡും തരാലി - സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ തരാലി മാര്‍ക്കറ്റ് ഏരിയയും സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിയുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. ഓഗസ്റ്റ് 25 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.