പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി

ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ഇൻഷുറൻസ് പദ്ധതി ലഭ്യമാകും.

Norka Care
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉ്ഘാടനം ചെയ്യുന്നുPRD
Published on

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഇൻഷുറന്‍സ് പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് 'നോർക്ക കെയർ' എന്ന പേരിൽ പ്രവാസികൾക്കായി സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോർക്ക കെയർ. ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ഈ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read
നോർത്തേൺ ടെറിട്ടറി: ആളുകൾക്കെതിരെയുള്ള അക്രമങ്ങളിൽ വർധനവ്, സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നു

Norka Care

പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണിത്. നോർക്കയുടെ ഐഡി കാർഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഇതിന്റെ പരിധിയിൽ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും കാത്തിരിപ്പ് കാലം ഒഴിവാക്കി ക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചുകൊണ്ട് നമ്മുടെ നാടിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികൾ. അതുകൊണ്ടുതന്നെ പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്.

നോർക്കയുടെ ജോബ് പോർട്ടൽ, പ്രവാസികളാകാൻ താൽപര്യപ്പെടുന്നവർക്കുവേണ്ടി നടത്തുന്ന നൈപുണ്യ വികസന പരിപാടികൾ, മലയാളി നഴ്‌സുമാരെ ജർമനിയിൽ ജോലിക്കയക്കുന്ന ട്രിപ്പിൾ വിൻ പ്രൊജക്ട്, തൊഴിൽ റിക്രൂട്ട്‌മെന്റിനായി ജപ്പാൻ, ദക്ഷിണ കൊറിയ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുമായി ഏർപ്പെടുത്തിയിട്ടുള്ള കരാർ, പ്രവാസി ലീഗൽ എയ്ഡ് സെൽ, സാന്ത്വനം പദ്ധതി, പ്രവാസി ഡിവിഡന്റ് സ്‌കീം, എന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് സംസ്ഥാനത്ത് കാര്യക്ഷമമായി നടന്നുവരുന്നത്, മുഖ്യമന്ത്രി പറഞ്ഞു

Related Stories

No stories found.
Metro Australia
maustralia.com.au