
ഡാർവിൻ: നോർത്തേൺ ടെറിട്ടറി പോലീസ് വിരവരശേഖരണ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ആളുകൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനവ്. എന്നാല് സ്വത്ത് അഥവാ പ്രോപ്പർട്ടിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞു.
നോർത്തേൺ ടെറിട്ടറി പോലീസ് ഫോഴ്‌സിന്റെ പുതിയ ഡാറ്റ പ്രകാരം, എൻ ടിയിലെ കുറ്റകൃത്യ നിരക്കുകൾ രണ്ട് ദിശകളിലേക്കാണ് നീങ്ങുന്നത്. അതായത് അക്രമകുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ കുറയുകയും ചെയ്യുന്നു.
2024 ഡിസംബർ മുതൽ 2025 ജൂലൈ വരെ, നോർത്തേൺ ടെറിട്ടറിയിൽ ആക്രമണം, ലൈംഗികാതിക്രമം, കവർച്ച, കൊലപാതകം എന്നിങ്ങനെ ആൾക്കെതിരായ 8,579 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി, ഇത് മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.5 ശതമാനം വർദ്ധനവാണ്.
എന്നാൽ മോഷണം, കവർച്ച, സ്വത്ത് നാശം എന്നിവ ഉൾപ്പെടെ സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ 5.4 ശതമാനം കുറഞ്ഞു. 2023 ഡിസംബർ മുതൽ 2024 ജൂലൈ വരെ 14,133 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയത് 2024-25ലെ കാലയളവിൽ 13,365 ആയി കുറഞ്ഞു. മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ സർക്കാർ ജാമ്യ നിയമങ്ങൾ കർശനമാക്കിയതും പുതിയ കാര്യങ്ങൾ കുറ്റത്യങ്ങളുടെ പട്ടികയിലേക്ക് കൂട്ടിയതും ശിക്ഷകൾ കൂട്ടിയതുമാണ് ഇതിന് കാരണമായി പറയുന്നത്.
ഡാർവിനിൽ സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ 11.6 ശതമാനവും ആൾക്കെതിരായ കുറ്റകൃത്യങ്ങൾ 0.2 ശതമാനവും കുറഞ്ഞു. മുഖ്യമന്ത്രി താമസിക്കുന്ന പാമേഴ്‌സ്റ്റണിൽ ഇതിന് വിപരീതമാണ്, അവിടെ അക്രമകുറ്റകൃത്യങ്ങൾ 4.2 ശതമാനവും സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ 7.1 ശതമാനവും വർദ്ധിച്ചു. ആലിസ് സ്പ്രിംഗ്സിൽ ആൾക്കെതിരായ കുറ്റകൃത്യങ്ങൾ 7.5 ശതമാനവും സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ 6 ശതമാനവും കുറഞ്ഞു, എന്നാൽ നോര്‍ത്തേൺ ടെറിട്ടറിയുടെ ഗ്രാമീണ ഭാഗങ്ങളിൽ ആൾക്കെതിരായ കുറ്റകൃത്യങ്ങൾ 9 ശതമാനവും സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ 3 ശതമാനവും വർദ്ധിച്ചുവെന്ന് കണക്കുകൾ പറയുന്നു.