
പെർത്ത്: നാല് മാസത്തോളം നീണ്ടുനിന്ന മഴക്കാലത്തിന് ശേഷം വസന്തകാലത്തെ ചൂടിലേക്ക് പ്രവേശിക്കുകയാണ് പെർത്ത്. പെർത്ത് മെട്രോപൊളിറ്റൻ പ്രദേശത്ത് ഈ ആഴ്ച ഉയർന്ന താപനിലയിൽ പകൽ നേരങ്ങൾ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പെർത്തിൽ അവസാനമായി 29°C-നേക്കാൾ കൂടുതലായ താപനില രേഖപ്പെടുത്തിയത് നാല് മാസങ്ങൾക്ക് മുൻപായിരുന്നു. മെയ് 9 ന് 3.8°C ആണ് ഇവിടെ അനുഭവപ്പെട്ടത്.
പെർത്തിൽ ബുധനാഴ്ച പരമാവധി 29°C വരെ എത്തും. കിഴക്കൻ നഗരങ്ങളായ മിഡ്‌ലാൻഡിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും 31°C വരെ താപനില ഉയരുമ്പോൾ എല്ലൻബ്രുക്കിൽ 30°C ആണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിൽ, പോർട്ട് ഹെഡ്ലാൻഡ്, മാർബിൾ ബാർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച 37°C വരെ ചൂട് രേഖപ്പെടുത്തും. ബ്രൂം ചൊവ്വാഴ്ച 40°C വരെ ഉയരും. ആൽബനിയിൽ തിങ്കളാഴ്ച പരമാവധി 18°C, ബൻബറി 23°C രേഖപ്പെടുത്തും.
ഇപ്പോൾ വസന്തകാല കാലാവസ്ഥയിലേക്ക് മാറിയിരിക്കുകയാമെന്നും , കിഴക്കും വടക്കുകിഴക്കൻ കാറ്റുകളും തെളിഞ്ഞ ആകാശവും പ്രതീക്ഷിക്കാമെന്നും ബ്യൂറോ ഓഫ് മീറ്ററോളജി ഡ്യൂട്ടി ഫോർകാസ്റ്റർ കാതറിൻ ഷെൽഫ്‌ഹൗട്ട് പറഞ്ഞു. ഈ മാസം മഴയ്ക്കുള്ള സാധ്യത കുറവാണെന്നും അവർ സൂചിപ്പിച്ചു.
കാലാവസ്ഥയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളിലൂടെയാണ് പെർത്ത് ഈ വർഷം കടന്നുപോകുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മഴ പെയ്ത ശൈത്യകാലമായിരുന്നു ഈ വർഷത്തേത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മഴയേറിയ വർഷം. ഈ വിന്‍റർ സീസണിൽ 547 മില്ലീമീറ്റർ മഴയാണ് പെർത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 120 മില്ലീമീറ്റർ കൂടുതലാണിത്. 18 വർഷത്തിനിടെ ആദ്യമായി തുടർച്ചയായി നാല് മാസം ശരാശരി മഴയുടെ അളവിനേക്കാൾ കൂടുതലാണ് പെർത്തിൽ ഈ വർഷം ലഭിച്ചത്.