കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു; വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ട്; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് വടക്കൻ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
Kerala Rain
ഇന്ന് കേരളത്തിലെ മഴ മുന്നറിയിപ്പ്PRD
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കാലവർഷം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് വടക്കൻ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ നാളെയും (ജൂൺ 11) ജാഗ്രതാ നിർദ്ദേശം തുടരും. ജൂൺ 12-ഓടെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്നത്.

അതേസമയം, തെക്കൻ-മധ്യ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും 50 കി.മീ വേഗതയിലുള്ള കാറ്റും സാധാരണ മഴയും ഉണ്ടായേക്കും.

മത്സ്യത്തൊഴിലാളികൾക്ക് കർശന നിയന്ത്രണം: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബോോട്ടുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Metro Australia
maustralia.com.au