എബോള ജാഗ്രതയിൽ കേരളം; വിദേശത്തുനിന്നെത്തുന്നവർക്ക് 21 ദിവസം നിർബന്ധിത ആരോഗ്യ നിരീക്ഷണം

നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സംസ്ഥാന ദ്രുതകർമസമിതി യോഗം
എബോള ജാഗ്രതയിൽ കേരളം;
എബോള ജാഗ്രതയിൽ കേരളം;magnific.com
Published on

തിരുവനന്തപുരം: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗവ്യാപനം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേരളത്തിലും കടുത്ത മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെയും (WHO) കേന്ദ്ര സർക്കാരിന്റെയും നിർദ്ദേശപ്രകാരം ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ സംസ്ഥാനത്ത് 21 ദിവസം ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിന് വിധേയമാക്കും. നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമസമിതി യോഗം വിലയിരുത്തി.

എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേക ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. പനി, കടുത്ത ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, ശരീരത്തിൽ പ്രകടമാകുന്ന രക്തസ്രാവം തുടങ്ങിയ എബോള ലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരുമായി ഏതെങ്കിലും തരത്തിൽ നേരിട്ട് സമ്പർക്കം പുലർത്തിയവരും എയർപോർട്ടിലെ ഹെൽത്ത് ഡെസ്കിൽ നിർബന്ധമായും വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്.

സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കൃത്യമായി പരിശോധിക്കുന്നതിനുള്ള തെർമൽ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്കാരെ മാറ്റുന്നതിനായി ഐസൊലേഷൻ വാർഡുകളും തീവ്രപരിചരണ വിഭാഗങ്ങളും പൂർണ്ണ സജ്ജമാണ്. മെഡിക്കൽ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ കൃത്യമായ ഉപയോഗം, പ്രത്യേക ചികിത്സാ പ്രോട്ടോക്കോൾ എന്നിവയിൽ അടിയന്തിര പരിശീലനം ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, എൻ.എച്ച്.എം ഡയറക്ടർ രാഹുൽകൃഷ്ണ ശർമ തുടങ്ങി പ്രമുഖ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Metro Australia
maustralia.com.au