
മ്യൂൾ അക്കൗണ്ട് അഥവാ തട്ടിപ്പുകാർക്ക് വാടകയ്ക്ക് നല്കുന്ന അക്കൗണ്ട് എന്ന സംശയത്തിൽ സൈബർ പോലീസ് മരവിപ്പിച്ചത് എഴുപതിനായിരത്തോളം അക്കൗണ്ടുകളെന്ന് കണക്ക്. കഴിഞ്ഞ ഒന്നരക്കൊല്ലത്തിനുള്ളിൽ മാത്രം നടപടിയെടുത്ത അക്കൗണ്ടുകളുടെ കണക്കാണിത്. എന്നാൽ മരവിപ്പിച്ച അക്കൗണ്ടുകൾ തിരികെ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട ഉടമകളുടെ എണ്ണം വളരെ കുറവാണ്. വെറും അയ്യായിരത്തിൽ താഴെ അക്കൗണ്ടുടമകൾ മാത്രമേ ഇതിനായി നടപടിയെടുത്തുള്ളുവെന്നാണ് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിൽതന്നെ അഞ്ഞൂറോളം അക്കൗണ്ട് ഉടമകൾ മാത്രമാണ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയ സമീപിച്ചത്, ബാക്കിയുള്ളവർ ബാങ്കിനെയും പോലീസിനെയും സമീപിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
ബാക്കിയുള്ള ആയിരക്കണക്കിന് അക്കൗണ്ട് ഉടമകൾ ബാങ്കിനെയോ കോടതിയേയോ സമീപിക്കാത്തത് വാടകയ്ക്ക് നല്കുന്ന തട്ടിപ്പ് അക്കൗണ്ട് ആയതിനാലാണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
തട്ടിപ്പു നടത്തി കിട്ടിയ പണം വന്നുവെന്ന് കരുതുന്ന അക്കൗണ്ടുകളാണ് ഇതുവരെ മരവിപ്പിച്ചത്. ഇത്രയധികം തട്ടിപ് അക്കൗണ്ടുകൾ വന്നത് സൈബർ വിഭാഗത്തേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ കെവൈസി പരിശോധനകൾ നടത്താത്തതതാണ് കാരണമെന്ന് കരുതുന്നത്.