

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്യാഴാഴ്ച വൈകിട്ടോടെ പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്കു ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ വർഷത്തെ ഈദുൽ ഫിത്തർ വെള്ളിയാഴ്ച ആഘോഷിക്കും. റമദാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇത്തവണ ഈദ് ആഘോഷിക്കുന്നത്. വ്രതശുദ്ധിയുടെ നിറവിൽ സ്നേഹവും സാഹോദര്യവും പങ്കുവെച്ചാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണത്തെ ആഘോഷം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളമുള്ള തുറസ്സായ സ്ഥലങ്ങളിലോ ഈദ്ഗാഹുകളിലോ പെരുന്നാൾ നമസ്‌കാരം അനുവദിച്ചിട്ടില്ല.