യുക്രൈനിൽ ചരക്കുകപ്പലിന് നേരെ മിസൈലാക്രമണം; കാസർകോട് സ്വദേശിയടക്കം 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

കപ്പലിലെ മർച്ചന്റ് നേവി ജീവനക്കാരനായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.
യുക്രൈനിൽ ചരക്കുകപ്പലിന് നേരെ മിസൈലാക്രമണം; കാസർകോട് സ്വദേശിയടക്കം 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു
Published on

കീവ്: യുക്രൈനിലെ ഒഡേസ (Odesa) തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കാസർകോട് സ്വദേശിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. കപ്പലിലെ മർച്ചന്റ് നേവി ജീവനക്കാരനായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി. വെള്ളരിക്കുണ്ട് സ്വദേശികളായ ജോയൻ-സാലി ദമ്പതികളുടെ മകനാണ് അഖിൽ. മിസൈലാക്രമണത്തിൽ മരിച്ച കപ്പൽ ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഇന്ത്യക്കാരനെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഡേസ തുറമുഖത്ത് നിന്ന് ചോളം കയറ്റി തുർക്കിയിലേക്ക് പോകുകയായിരുന്ന 'ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുക്കുകയായിരുന്നു. ഗിനിയ-ബിസാവു പതാക ഘടിപ്പിച്ച ഈ കപ്പലിൽ ആകെയുണ്ടായിരുന്ന 17 ജീവനക്കാരിൽ അഞ്ച് പേർ ഇന്ത്യക്കാരായിരുന്നു. ആകെ 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായ തീ അണച്ച ശേഷമാണ് യുക്രൈൻ നാവികസേന 8 ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

അക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. യുക്രൈനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Metro Australia
maustralia.com.au