

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത കണ്ണൂർ ജില്ലാ ഹർത്താലിൽ നിന്നും വ്യാപാരികളും ബസ് ഉടമകളും വിട്ടുനിൽക്കുന്നു. ജില്ലയിൽ വിവിധ ദലിത്-ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികളും ബസ് ഉടമകളും അറിയിച്ചു. സ്വകാര്യ ബസ് സർവീസുകൾ മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഹർത്താലിനോട് യോജിപ്പില്ലെന്നും മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകളുടെയും ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്.
എന്നാൽ, നിതിൻ രാജിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതും പോലീസ് അന്വേഷണം ഊർജിതമാക്കിയതും കണക്കിലെടുക്കുമ്പോൾ ഹർത്താലിന് പ്രസക്തിയില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. അന്വേഷണം തൃപ്തികരമായ രീതിയിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് അറിയിച്ചു.