
തിരുവനന്തപുരം: ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിന്റെ 'വിഷൻ ആന്റ് മിഷൻ 2021-26' ന്റെ അഞ്ചാമത് യോഗത്തിൽ ഇടുക്കി, വയനാട് ജില്ലകളിലെ ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂപതിവ് ചട്ടം ഇടക്കിക്കു മാത്രമല്ല, മറ്റു ജില്ലകൾക്കാകെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആറര പതിറ്റാണ്ടുകാലത്തെ മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
2023 സെപ്റ്റംബർ 14ന് നിയമസഭ ഏകകണ്ഠമായാണ് ഭൂനിയമ ഭേദഗതി ബിൽ പാസാക്കിയത്. ഇടുക്കി ജില്ലയിലെ ജനങ്ങൾക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുന്നതാണ് ചട്ടത്തിന്റെ ഉള്ളടക്കം. സെപ്റ്റംബർ മാസത്തിലേക്ക് കടക്കാതെ തന്നെ ചട്ടം പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലയിലെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടലുകൾ തുടരുന്നുണ്ട്. കോടതി വ്യവഹാരങ്ങളാണ് തടസ്സമായി നിൽക്കുന്നത്. വേഗത്തിൽ തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ പട്ടയപ്രശ്‌നങ്ങളും റവന്യൂ അസംബ്ലി ചർച്ച ചെയ്തു. വൈദ്യുതി പദ്ധതി പ്രദേശങ്ങളിലെ പട്ടയങ്ങൾ വിതരണം ചെയ്യാൻ തീരുമാനമുണ്ടാകണമെന്ന് എം എം മണി എംഎൽഎ ആവശ്യപ്പെട്ടു. എൽഎ പട്ടയങ്ങളാണ് വിതരണം ചെയ്യാൻ സാധിച്ചത്. മറ്റു പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കോടതി വ്യവഹാരങ്ങളിലും തീർപ്പുണ്ടാക്കുവാൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്. പട്ടയം വിതരണം ചെയ്യുന്നതിനുവേണ്ട നടപടിക്രമങ്ങൾ അപേക്ഷകൾ പരിശോധിച്ച് പൂർത്തിയാക്കി വയ്ക്കുവാൻ മന്ത്രി റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.