കുമ്പിച്ചൽക്കടവ് പാലം ഉടൻ തുറക്കും, ചെലവ് 24 കോടി 71 ലക്ഷം രൂപ

സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്.
Kumpichelkadavu bridge
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് കുമ്പിച്ചൽക്കടവ്PRD
Published on

തിരുവനന്തപുരം: ഒന്നും രണ്ടുമല്ല, ഏകദേശം അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്. തിരുവനന്തപുരം അമ്പൂരി നിവാസികളുടെ സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലത്തിന്‍റെ ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പിലാണ് ഒരു നാട് മുഴുവൻ.

നെയ്യാർ ഡാമിന്‍റെ ജലസംഭരണി നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറി ഒറ്റപ്പെട്ടു പോയ തൊടുമല ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുവാൻ പാലം എന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും യാഥാർത്ഥ്യമാകുന്നത് ഇപ്പോഴാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോയ പതിനൊന്നു ആദിവാസി ഊരുകൾക്കും പുറംലോകത്തേക്കെത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം. പാലം നിർമ്മാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും ഒന്നും നിർമ്മാണത്തിലേക്കെത്തിയിരുന്നില്ല.

കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ആഗ്രഹമാണ് ഈ പാലം.

സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രുപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള പാലത്തിൻ്റെ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ളവ ജലസംഭരണിയിലുമാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ റോഡും രണ്ട് വശത്തും നടപ്പാതയുമുണ്ട്.

അമ്പൂരി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Metro Australia
maustralia.com.au