സ്ത്രീയാത്രികർക്ക് സുരക്ഷിത താമസം, ജില്ലയിലെ ഷീ ലോഡ്ജ് പള്ളിവാസലിൽ

പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ രണ്ടാം മൈലില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്.
Idukki She Lodge In Pallivasal
Idukki She Lodge In Pallivasal Image: PRD PRD
Published on

തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്നാണ് സുരക്ഷിതമായ താമസസൗകര്യം കണ്ടെത്തൽ. സൗകര്യവും സുരക്ഷിതത്വവും കണക്കിലെടുക്കുമ്പോൾ പലപ്പോഴും ഉയർന്ന തുക നല്കി മുറിയെടുക്കേണ്ടി വരുന്നത് ബജറ്റ് യാത്രക്കാരെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. എന്നാൽ ഇടുക്കിയിലേക്കാണ് സ്ത്രീയാത്രക്കാർ വരുന്നതെങ്കിൽ താമസത്തിന്‍റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.

Read More: മണ്ണിന്‍റെ സുഗന്ധം പെർഫ്യൂമായി എത്തും, സെന്‍റ് വിപണിയിലേക്ക്

തേയിലത്തോട്ടങ്ങളുടെ ഭംഗിയും മനോഹരമായ കാഴ്ചകളും മഞ്ഞും കോടയും ഒക്കെ ആസ്വദിച്ച് കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുന്ന ഷീ ലോഡ്ജിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ രണ്ടാം മൈലില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്.

ഏഴ് ബെഡ്റൂം, 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി, റസ്റ്റോറന്റ്, അടുക്കള തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമിവിടെയുണ്ട്. സഞ്ചാരികള്‍ക്കായി ഇഷ്ടാനുസരണമുള്ള വിഭവങ്ങളും ഒരുക്കി നല്‍കും. റിസോര്‍ട്ടുകളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ലോഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

Read More: ബെംഗളൂരു ബിഎംടിസി വജ്ര ബസുകൾക്ക് പ്രതിവാര പാസ്, കുറഞ്ഞ ചെലവ്

ഇടുക്കി ഡാമിന്റെ വിദൂര കാഴ്ചയും മലനിരകളും മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെ മനോഹാരിതയുമൊക്കെ ലോഡ്ജില്‍ നിന്ന് ആവോളം ആസ്വദിക്കാം. ഓഗസ്റ്റ് മാസം അവസാനത്തോടെ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

എറണാകുളത്ത് വരുന്നവര്‍ക്ക് അടിമാലി - കല്ലാര്‍ വഴിയും രാജാക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് കുഞ്ചിത്തണ്ണി - ചിത്തിരപുരം വഴിയും കട്ടപ്പനയിൽ നിന്ന് വരുന്നവര്‍ക്ക് വെള്ളത്തൂവല്‍ - ആനച്ചാല്‍ വഴിയും ഇവിടേക്ക് എത്താം.

Metro Australia
maustralia.com.au