
ബെംഗളൂരു നഗരത്തിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും സ്ഥിര യാത്രക്കാർക്ക് മികച്ച സേവനം നല്കുന്നതിനുമായി പുതിയ പാസ് അവതരിപ്പിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി).
വജ്ര ബസുകൾക്ക് മാത്രമായി അവതരിപ്പിച്ചിരിക്കുന്ന പ്രതിവാര പാസ് ഉപയോഗിച്ച് എല്ലാ വജ്ര, ഓർഡിനറി, എക്സ്പ്രസ് ബിഎംടിസി ബസുകളിലേക്കും പരിധിയില്ലാതെ പ്രവേശനം ലഭിക്കും. 750 രൂപയാണ് പ്രതിവാര പാസിന്‍റെ നിരക്ക്. അതേസമയം യാത്രയിലെ ടോൾ നിരക്കുകൾ പാസ് നിരക്കില്‍ ഉൾപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ടോൾ നിരക്ക് കൂടാതെ 10 രൂപ അധിക സർവീസ് ചാർജും ആവശ്യമാണ്.
Read More: ഓണം: ബെംഗളൂരുവിൽ നിന്ന് വരാം, പ്രത്യേക സർവീസുമായി കെഎസ്ആർടിസി
അതേസമയം, വായു വജ്ര (വിമാനത്താവളത്തിലേക്ക് പോകുന്ന ബസുകൾ) അല്ലെങ്കിൽ ബിഎംടിസി നടത്തുന്ന മറ്റേതെങ്കിലും പ്രത്യേക വജ്ര സർവീസുകളിലെ യാത്ര ഈ പ്രതിവാര പാസിൽ ഉൾപ്പെടുത്തിയിട്ടില്ല.
പാസ് വാങ്ങാൻ താൽപ്പര്യമുള്ള യാത്രക്കാർക്ക് ടമ്മോക് മൊബൈൽ ആപ്ലിക്കേഷൻ വഴി പാസ് മേടിക്കാം.
കൂടാതെ, ബനശങ്കരിയെയും എഇസിഎസ് ലേഔട്ടിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പുതിയ നോൺ എസി ബസ് റൂട്ട് ബിഎംടിസി അവതരിപ്പിച്ചു. റൂട്ട് - 600-എ - കുഡ്‌ലു ഗേറ്റ്, ബൊമ്മനഹള്ളി, ബിടിഎം ലേഔട്ട്, രാഗിഗുഡ്ഡ തുടങ്ങിയ നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നു. ഓരോ ദിശയിലും അഞ്ച് യാത്രകൾ വീതം ഇത് പ്രതിദിനം ആകെ 10 യാത്രകൾ ആണ് നടത്തുക.