സംസ്ഥാനത്ത് കനത്ത മഴ: കോട്ടയത്തും എറണാകുളത്തും ജലനിരപ്പ് ഉയരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ 1.50 മീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Kerala Rain
സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നുPRD
Published on

കോട്ടയം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നതിനിടെ മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടു. മഴക്കെടുതികളിൽപെട്ട് സംസ്ഥാനത്ത് ഇതുവരെ എട്ട് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. പെരുമഴയിൽ പല പ്രമുഖ പാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം കടുപ്പമേറി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ 1.50 മീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി. മഴ കനക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും എം.ജി സർവ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്.

കാലവർഷം തീവ്രമായതോടെ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ അനുഭവപ്പെടുന്ന കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലാ കളക്ടർമാരുമായി അടിയന്തര സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നേരിട്ട് നിർവ്വഹിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് അടിയന്തര മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Metro Australia
maustralia.com.au