സർക്കാരിന്റെ പ്രഥമ നയപ്രഖ്യാപനം ഇന്ന്; ഗ്യാരണ്ടികൾ നടപ്പാക്കുന്നതിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ

16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് നയങ്ങൾ അവതരിപ്പിക്കുന്നത്.
Governor Rajendra Arlekar
ഗവർണർ രാജേന്ദ്ര അർലേക്കർ
Published on

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ഈ വർഷത്തെ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് നയങ്ങൾ അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ കർമ്മപദ്ധതികളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും വ്യക്തമായ സൂചനകൾ ഉണ്ടാകും.

തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച വിവിധ 'ഗ്യാരണ്ടി' പദ്ധതികൾ എങ്ങനെ നടപ്പിലാക്കും എന്നതിലായിരിക്കും നയപ്രഖ്യാപനത്തിന്റെ പ്രധാന ഊന്നൽ. ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇന്ന് വ്യക്തമായേക്കും. പദ്ധതിയുടെ ഗുണഭോക്താക്കൾ, ദൂരപരിധി, ഏതൊക്കെ ബസുകളിൽ ഈ സേവനം ലഭ്യമാകും തുടങ്ങിയ കാര്യങ്ങളിൽ പ്രസംഗത്തിൽ വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായുള്ള വിവിധ വാഗ്ദാനങ്ങൾ, പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി, ആശാവർക്കർമാരുടെ വേതന വർദ്ധനവ് എന്നിവ നടപ്പിലാക്കുന്നതിനുള്ള സമയക്രമവും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയേക്കും. സംസ്ഥാനം നിലവിൽ ധവളപത്രം പുറത്തിറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സാഹചര്യത്തിൽ, ഈ ബൃഹത്തായ വാഗ്ദാനങ്ങൾക്കായി പണം കണ്ടെത്തുന്ന രീതികളെക്കുറിച്ചും ഗവർണർ പരാമർശിച്ചേക്കാം. മുൻ സർക്കാരിൽ നിന്ന് വിഭിന്നമായി കേന്ദ്രസർക്കാരിനോട് മൃദുസമീപനം സ്വീകരിക്കാനാണ് പുതിയ സർക്കാരിന്റെ നീക്കമെന്നും സൂചനകളുണ്ട്.

Metro Australia
maustralia.com.au