സെൻസസ് 2027: ജൂൺ 16 മുതൽ പൊതുജനങ്ങൾക്കായി 'സെൽഫ് എനുമറേഷൻ' സൗകര്യം;

രണ്ട് ഘട്ടങ്ങളിലായുള്ള സെൻസസ് നടപടിക്രമത്തിൽ, ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടത്തുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.
സെൻസസ് 2027: ജൂൺ 16 മുതൽ പൊതുജനങ്ങൾക്കായി 'സെൽഫ് എനുമറേഷൻ' സൗകര്യം;
PRD
Published on

സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള 'സെൽഫ് എനുമറേഷൻ' സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണിന്റെ സഹായത്തോടെ തന്നെ സെൽഫ് എനുമറേഷൻ പൂർത്തിയാക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളിലായുള്ള സെൻസസ് നടപടിക്രമത്തിൽ, ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടത്തുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെയാണ് ഒന്നാംഘട്ട സെൻസസ് നടപടികൾ നടക്കുക. ഈ ഘട്ടത്തിൽ എനുമറേറ്റർമാർ ഓരോ 'വീടുപട്ടിക ബ്ലോക്കി'ലെയും കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ഒരു ലേഔട്ട് മാപ്പ് തയ്യാറാക്കുകയും, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഒരു വീടുപട്ടിക ബ്ലോക്ക് എന്നത് 700 മുതൽ 800 വരെ ജനസംഖ്യയുള്ള ഒരു പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി വാർഡിന്റെ ഭാഗമാണ്. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.എനുമറേറ്റർമാർ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റ് അംഗങ്ങൾക്കോ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം.

'സെൽഫ് എനുമറേഷൻ' ചെയ്യുന്ന വിധം

സെൽഫ് എനുമറേഷൻ ചെയ്യുന്നതിനായി പൊതുജനങ്ങൾ ആദ്യം https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കേണ്ടതാണ്. അടുത്ത സ്‌ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകി , മാപ്പിൽ സ്വന്തം വീട് കണ്ടെത്തി 'റെഡ് മാർക്കർ' അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം. ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷം സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം.

അതിനുശേഷം 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐഡി എസ്എംഎസ് വഴിയും ഇ-മെയിൽ വഴിയും ലഭ്യമാകും. എനുമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐഡി അവർക്ക് കൈമാറണം.

കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബനമ്പർ തുടങ്ങിയ വിവരങ്ങൾ സെൽഫ് എനുമറേഷനിൽ നൽകേണ്ടതില്ല. ഈ വിവരങ്ങൾ എനുമറേറ്റർമാർ നേരിട്ടെത്തിയാണ് രേഖപ്പെടുത്തുക. എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ എനുമറേറ്റർ വീട്ടിൽ വരുമ്പോൾ ചെയ്യാവുന്നതുമാണ്.

Metro Australia
maustralia.com.au