മ്യാൻമർ സൈബർ തട്ടിപ്പ്: മലയാളി റിക്രൂട്ടിങ് ഏജന്റ് മുംബൈയിൽ പിടിയിൽ

തായ്‌ലൻഡിലെ ബാങ്കോക്കിൽ ഡാറ്റ സെന്ററുകളിലും കോൾ സെന്ററുകളിലും ജോലി നൽകാമെന്ന് വിശ്വസിച്ചാണ് ഇയാൾ ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്.
28/03/2026 7:30 AM
മ്യാൻമർ സൈബർ തട്ടിപ്പ്PC: Glenn Carstens-Peters/ Unsplash
Published on

മുംബൈ: വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഐടി ഉദ്യോഗാർത്ഥികളെ മ്യാൻമറിലെ സൈബർ ക്രിമിനൽ സംഘങ്ങൾക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനി സിബിഐയുടെ പിടിയിലായി. മുംബൈയിൽ താമസിക്കുന്ന മലയാളി സുനിൽ നെല്ലത്തു രാമകൃഷ്ണനാണ് അറസ്റ്റിലായത്. വിദേശത്തുനിന്ന് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയായിരുന്നു സിബിഐ ഇയാളെ വലയിലാക്കിയത്. കേരളത്തിൽ നിന്നടക്കം നിരവധി യുവാക്കളെ ഇയാൾ തട്ടിപ്പിനിരയാക്കിയതായാണ് വിവരം.

തായ്‌ലൻഡിലെ ബാങ്കോക്കിൽ ഡാറ്റ സെന്ററുകളിലും കോൾ സെന്ററുകളിലും ജോലി നൽകാമെന്ന് വിശ്വസിച്ചാണ് ഇയാൾ ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്. ഡൽഹി വഴി ബാങ്കോക്കിൽ എത്തിക്കുന്ന ഇവരെ പിന്നീട് റോഡ് മാർഗ്ഗമോ ബോട്ടിലോ മ്യാൻമറിലേക്ക് കടത്തും. അവിടെ എത്തുന്നതോടെ ഉദ്യോഗാർത്ഥികളുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തട്ടിയെടുത്ത് അവരെ തടവിലാക്കുകയാണ് പതിവ്. ഡിജിറ്റൽ അറസ്റ്റ്, ക്രിപ്റ്റോ കറൻസി തട്ടിപ്പ്, പ്രണയം നടിച്ച് പണം തട്ടൽ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ നിർബന്ധപൂർവ്വം ചെയ്യിപ്പിക്കാനാണ് ഇവരെ ഉപയോഗിച്ചിരുന്നത്.

തട്ടിപ്പ് സംഘം നൽകുന്ന ടാർഗെറ്റ് തികയ്ക്കാൻ കഴിയാത്തവർക്ക് നേരെ അതിക്രൂരമായ മർദ്ദനവും ഷോക്കടിപ്പിക്കൽ ഉൾപ്പെടെയുള്ള പീഡനങ്ങളുമാണ് നടന്നിരുന്നത്. എൻജിനീയറിങ്, ഐടി മേഖലകളിൽ അടിസ്ഥാന യോഗ്യതയുള്ള യുവാക്കളെയാണ് പ്രധാനമായും ഇവർ ലക്ഷ്യമിട്ടിരുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പ് ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിബിഐ. വിദേശത്ത് ഇത്തരം ജോലി വാഗ്ദാനം ചെയ്യുന്ന ഏജൻസികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Metro Australia
maustralia.com.au