

പെർത്ത് ആസ്ഥാനമായുള്ള പ്രശസ്തമായ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവ്വകലാശാല (UWA) ഈ വർഷം സെപ്റ്റംബറോടെ ചെന്നൈയിൽ തങ്ങളുടെ പുതിയ ഓഫ്‌ഷോർ ക്യാമ്പസ് പ്രവർത്തനം ആരംഭിക്കും. ഇതിലേക്കുള്ള പ്രവേശനത്തിനായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ചെന്നൈയ്‌ക്കൊപ്പം മുംബൈയിലും ക്യാമ്പസ് ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യയിലെ ഈ വിപുലീകരണത്തിനായി ഏകദേശം 560 കോടി രൂപയാണ് സർവ്വകലാശാല നിക്ഷേപിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ബിരുദ കോഴ്‌സുകളായിരിക്കും ചെന്നൈ ക്യാമ്പസിൽ ലഭ്യമാകുകയെന്ന് വിസി അമിത് ചക്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരും വർഷങ്ങളിൽ പിജി, ഡോക്ടറൽ പ്രോഗ്രാമുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. ചെന്നൈയിലെ ഐടി ഹബ്ബായ ഡിഎൽഎഫ് സൈബർസിറ്റിയിലാണ് ക്യാമ്പസ് ഒരുങ്ങുന്നത്. ആദ്യ വർഷം 500 വിദ്യാർത്ഥികൾക്കും 100 ഫാക്കൽറ്റി അംഗങ്ങൾക്കുമാണ് പ്രവേശനം നൽകാൻ ലക്ഷ്യമിടുന്നത്. നിലവിൽ അധ്യാപകരെ പ്രാദേശികമായി നിയമിക്കുമെങ്കിലും ഭാവിയിൽ പെർത്തിൽ നിന്നുള്ള വിദഗ്ധരെ എത്തിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യൻ തൊഴിൽ വിപണിക്കും വിദ്യാഭ്യാസ രീതിക്കും അനുയോജ്യമായ രീതിയിലുള്ള പ്രോഗ്രാമുകൾക്കാണ് ഇവിടെ മുൻഗണന നൽകുന്നത്. ഓസ്‌ട്രേലിയയിലെ പ്രധാന ക്യാമ്പസിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തെ ഈ പുതിയ നീക്കം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടൊപ്പം തന്നെ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും വിദ്യാർത്ഥികൾ ഒത്തുചേരുന്ന 'യുഡബ്ല്യുഎ ഹാക്ക് ഫോർ ഇംപാക്ട് 2026' (UWA Hack for Impact 2026) എന്ന ഇന്നൊവേഷൻ ഹാക്കത്തോണിന്റെ ലോഞ്ചിംഗിലും അദ്ദേഹം പങ്കെടുത്തു.