

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ശക്തമായ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്ട് പ്രകാരം കോടതി നേരിട്ട് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷയ്ക്കായി മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് 'ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്' നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ പ്ലാറ്റ്‌ഫോമുകൾ അനുമതി നൽകുന്നതിനെ ജസ്റ്റിസ് ബാഗ്ചി രൂക്ഷമായി വിമർശിച്ചു. പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ കമ്പനികളുമായി ഏർപ്പെടുന്ന കരാറുകൾക്ക് നിയമസാധുതയില്ലെന്നും, മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമ്മതിച്ചു. സോഷ്യൽ മീഡിയ കമ്പനികൾക്ക് സംരക്ഷണം നൽകുന്ന ഐടി ആക്ടിലെ സെക്ഷൻ 79 (സേഫ് ഹാർബർ) ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, ഇന്ത്യൻ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കമ്പനികൾക്കെതിരെ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.