പൗരത്വ നിർണയത്തിൽ വീഴ്ച പാടില്ല; 27 പേരെ വിദേശികളാക്കിയ അസം ട്രൈബ്യൂണൽ ഉത്തരവുകൾ റദ്ദാക്കി

സുപ്രീം കോടതി
സുപ്രീം കോടതിസുപ്രീം കോടതി
Published on

ന്യൂഡൽഹി: വ്യക്തികളുടെ പൗരത്വം നിർണയിക്കുന്നതിൽ അതീവ ജാഗ്രതയും നീതിപൂർവമായ നടപടിക്രമങ്ങളും പാലിക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. 27 പേരെ വിദേശ പൗരന്മാരായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രധാന നിരീക്ഷണം നടത്തിയത്. പൗരത്വം എന്നത് ഭരണഘടനാപരമായ അവകാശങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വലിയൊരു കാര്യമാണെന്നും അതുകൊണ്ട് തന്നെ അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ കൃത്യമായ നീതി നടപ്പാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. റദ്ദാക്കപ്പെട്ട ഈ കേസുകൾ കൃത്യമായ വിചാരണയ്ക്കായി കോടതി ബന്ധപ്പെട്ട ട്രൈബ്യൂണലുകളിലേക്ക് തന്നെ തിരിച്ചയച്ചിരിക്കുകയാണ്.

അനധികൃതമായ രീതിയിൽ രാജ്യത്ത് തുടരുന്നവരെയും ഇന്ത്യൻ പൗരത്വം നേടാൻ ശ്രമിക്കുന്നവരെയും തടയാൻ നിയമപരമായി സർക്കാരിന് പൂർണ്ണമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. എന്നാൽ ഇത്തരം ലക്ഷ്യങ്ങൾ നടപ്പിലാക്കുമ്പോൾ സ്വാഭാവിക നീതിയും നിയമപരമായ നടപടിക്രമങ്ങളും ബലികഴിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലുകൾ ഈ കേസുകളിൽ വീണ്ടും വാദം കേട്ട് പുതിയ തീരുമാനമെടുക്കുന്നത് വരെ വിദേശികളായി മുദ്രകുത്തപ്പെട്ട 27 പേർക്കെതിരെയും നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പഴയ വോട്ടർപട്ടികകളിലെ പേരുകളിലെ നേരിയ അക്ഷരത്തെറ്റുകളും പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ് തങ്ങളെ വിദേശികളാക്കിയതെന്ന് കാണിച്ച് സബിത്രി ദേ, അജ്ബഹാർ അലി ഉൾപ്പെടെയുള്ള അഞ്ച് പേർ നൽകിയ ഹർജികളിലാണ് കോടതിയുടെ ഈ താല്കാലിക ആശ്വാസം. എന്നാൽ ഹർജിക്കാരുടെ പൗരത്വം സംബന്ധിച്ച യഥാർത്ഥ രേഖകളോ തെളിവുകളോ ഈ ഘട്ടത്തിൽ തങ്ങൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

Metro Australia
maustralia.com.au