ഇന്ധനവില വർധന ഉടൻ? പണപ്പെരുപ്പ ഭീഷണി ശക്തമെന്ന് ആർബിഐ ഗവർണർ

നിലവിലെ പ്രതിസന്ധിയുടെ ആഘാതം ഒരു പരിധിവരെ ജനങ്ങളിലേക്ക് കൈമാറാൻ സർക്കാർ നിർബന്ധിതമാകുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
RBI Governor Sanjay Malhotra
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രPIB
Published on

ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ ഇന്ധനവില ഉയർത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇറക്കുമതിച്ചെലവ് വർധിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. നിലവിലെ പ്രതിസന്ധിയുടെ ആഘാതം ഒരു പരിധിവരെ ജനങ്ങളിലേക്ക് കൈമാറാൻ സർക്കാർ നിർബന്ധിതമാകുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ, ആവശ്യമായ എണ്ണയുടെ 89 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും രാജ്യത്ത് ഇതുവരെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ലെങ്കിലും എണ്ണക്കമ്പനികൾക്കും സർക്കാരിനും ഈ ബാധ്യത ഇനി അധികകാലം താങ്ങാനാവില്ലെന്ന് ഗവർണർ സൂചിപ്പിച്ചു.

നിലവിൽ എക്സൈസ് തീരുവ കുറച്ചതിലൂടെ സർക്കാരും എണ്ണക്കമ്പനികളുമാണ് ഇന്ധനവിലയിലെ അധിക ബാധ്യത ഏറ്റെടുക്കുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ചില്ലറ വിലയിൽ മാറ്റം വരുത്താതെ പിടിച്ചുനിൽക്കുക അസാധ്യമാണ്. വിമാന ഇന്ധനവിലയിലും ഇത്തരമൊരു വർധനവ് ഉണ്ടായേക്കാം. ഇത് സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കുമെന്നതിനാൽ രാജ്യാന്തര വിപണിയിലെ ചലനങ്ങൾ രാജ്യം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

Metro Australia
maustralia.com.au