

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക കേബിൾ നെറ്റ്‌വർക്കായ 'അരശ് കേബിൾ ടിവി'യിൽ നിന്ന് പ്രമുഖ വാർത്താ ചാനലായ ‘പുതിയ തലമുറൈ’യെ നീക്കം ചെയ്തു. മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെയാണ് ചാനലിനെ കേബിൾ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒഴിവാക്കിയത്. സർക്കാരിനെതിരായ വിമർശനാത്മക വാർത്തകൾ നൽകിയതിലുള്ള പ്രതികാര നടപടിയാണിതെന്ന ആരോപണം ശക്തമാണ്.
മുഖ്യമന്ത്രി വിജയിന്റെ യാത്രാക്രമങ്ങൾ മൂലം ചെന്നൈ നീലാങ്കരയിലെ വീട്ടിലും പരിസരങ്ങളിലും പൊതുജനങ്ങൾക്കും പോലീസിനും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചാനൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു. കൂടാതെ, ഡൽഹി സന്ദർശന വേളയിൽ മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി മടങ്ങിയതിനെയും ചാനൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ അപ്രതീക്ഷിത നീക്കം.
സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചാനൽ അധികൃതരും മാധ്യമ സംഘടനകളും കുറ്റപ്പെടുത്തി. തമിഴ്‌നാട് സർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ചാനൽ ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചെന്നൈ പ്രസ് ക്ലബ് അറിയിച്ചു.