

പുരി: ഒഡീഷയിലെ ലോകപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. നൂറിലധികം ഭക്തർക്ക് പരിക്കേൽക്കുകയോ കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയോ ചെയ്തു. വ്യാഴാഴ്ച ലക്ഷക്കണക്കിന് തീർത്ഥാടകർ തടിച്ചുകൂടിയ ബഡാ ദണ്ഡയിൽ (ഗ്രാൻഡ് റോഡ്) നേരിയ മഴയുള്ള സമയത്താണ് അപകടമുണ്ടായത്. കനത്ത ജനത്തിരക്കിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭഗവാൻ ജഗന്നാഥൻ, ഭഗവാൻ ബലഭദ്രൻ, ദേവി സുഭദ്ര എന്നിവരുടെ തേരിന്റെ വടം വലിക്കാൻ ഭക്തർ കൂട്ടത്തോടെ ഇരച്ചുകയറിയതാണ് നിയന്ത്രണാതീതമായ തിരക്കിന് കാരണമായത്. പരിക്കേറ്റവരിൽ 50-ഓളം പേരെ നിലവിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിഭ്രാന്തി പരന്നതിനെത്തുടർന്ന് ഭക്തരുടെ ചെരിപ്പുകളും ബാഗുകളും സാധനങ്ങളും റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. സംഭവത്തിൽ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ കൃത്യമായ ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ (Crowd Control) ഒരുക്കണമെന്ന് അദ്ദേഹം എക്‌സിലൂടെ (X) ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ബിജു ജനതാദൾ പ്രവർത്തകർ രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും പുരി രഥയാത്രയിലെ ആൾക്കൂട്ട പാളിച്ചകൾ മൂലം മൂന്ന് പേർ മരണപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.