

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും, വിദ്യാർത്ഥികൾക്ക് നീതിയുക്തവും സുതാര്യവുമായ പരീക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ സമഗ്രമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാർക്കും അവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ പൂർണ്ണമായി തടഞ്ഞ് പരീക്ഷാ സംവിധാനം കൂടുതൽ സുരക്ഷിതവും കുറ്റമറ്റതുമാക്കുകയാണ് ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വിപ്ലവകരമായ മുന്നേറ്റങ്ങളെയും അവർ പ്രശംസിച്ചു. ലോകത്തെ പകുതിയിലധികം ഡിജിറ്റൽ ഇടപാടുകളും ഇന്ത്യയിലാണ് നടക്കുന്നത്. 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായതും, 59 കോടി ജൻധൻ അക്കൗണ്ടുകൾ തുറക്കാനായതും, 'ലഖ്പതി ദീദി' പദ്ധതിയിലൂടെ മൂന്ന് കോടിയോളം സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടതും ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി. 2047-ഓടെ രാജ്യം 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സായുധ സേനയുടെ 'ഓപ്പറേഷൻ സിന്ദൂർ' പോരാട്ടവീര്യത്തെ അഭിനന്ദിച്ച രാഷ്ട്രപതി, ദേശീയ സുരക്ഷ മുൻനിർത്തിയാണ് സിന്ധു നദീജല കരാർ താല്ക്കാലികമായി നിർത്തിവെച്ചതെന്നും ഓർമ്മിപ്പിച്ചു.