
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും എസ്‌സിഒ ഉച്ചകോടിക്ക് മുന്നോടിയായി ചൈനയിലെ ടിയാൻജിനിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി . യുഎസ് ഏർപ്പെടുത്തിയ തീരുവകളും ചൈനയും യുഎസും തമ്മിലുള്ള അസ്ഥിരമായ ബന്ധത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.
ഇന്ത്യ-ചൈന ബന്ധം ശരിയായ വഴിയില്‍ മുന്നോട്ടെന്ന് പറഞ്ഞ മോദി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നും അറിയിച്ചു.
പ്രധാനമന്ത്രി മോദി ശനിയാഴ്ച ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിക്കായാണ് ചൈനയിലെ ടിയാൻജിനിൽ എത്തിയത്. ഇന്ന് മുതൽ രണ്ട് ദിവസത്തേക്കാണ് ഉച്ചകോടി നടക്കുന്നത്. ഏഴ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷവും ഗാൽവാൻ സംഘർഷത്തിന് ശേഷവുമുള്ള അദ്ദേഹത്തിന്റെ ആദ്യ ചൈന സന്ദർശനമാണിത്.
നേരത്തെ പരസ്പര വിശ്വാസത്തില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ വർഷം കസാനിൽ വെച്ച് നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നൽകിയെന്നും പറഞ്ഞ പ്രധാനമന്ത്രി അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.