

മെൽബൺ: ആഗോള വിപണി കടുത്ത അനിശ്ചിതാവസ്ഥയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഊർജ്ജ പ്രതിസന്ധിയും നേരിടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം വിശ്വസിക്കാവുന്ന സ്വാഭാവിക പങ്കാളികളായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെൽബണിൽ നടന്ന വ്യവസായ പ്രമുഖരുടെ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022-ൽ ഇരുരാജ്യങ്ങളും റെക്കോർഡ് വേഗതയിൽ ഒപ്പുവെച്ച 'എക്ടാ' (ECTA) വ്യാപാര കരാർ സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ ശക്തമാക്കിയെന്നും ഇതിലൂടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇരട്ടിയായി വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഹരിത ഊർജ്ജ വിപ്ലവത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യയ്ക്കും മൂലധനത്തിനും നിർണ്ണായക പങ്ക് വഹിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനും 2070-ഓടെ കാർബൺ രഹിത രാജ്യമായി (Net-Zero) മാറാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രീൻ ഹൈഡ്രജൻ, സോളാർ മോഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ എന്നിവയുടെ നിർമ്മാണ മേഖലകൾ ഇന്ത്യയിൽ സജീവമാക്കുകയാണ്. കൂടാതെ 2047-ഓടെ ആണവോർജ്ജ ഉൽപ്പാദനം 100 ജിഗാവാട്ടിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആണവ യാത്രയ്ക്ക് ഓസ്‌ട്രേലിയയിലെ വൻ യുറേനിയം നിക്ഷേപം നേരിട്ട് സഹായകരമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയിലെ പ്രമുഖ പെൻഷൻ ഫണ്ടുകളെ ഇന്ത്യയിലെ റെയിൽവേ, റോഡ്, എയർപോർട്ട്, തുറമുഖ വികസന മേഖലകളിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 4 ട്രില്യൺ ഡോളറിലധികം ആസ്തിയുള്ള ഓസ്‌ട്രേലിയൻ പെൻഷൻ ഫണ്ടുകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കാൻ ഇന്ത്യയിലെ വലിയ വിപണിക്ക് സാധിക്കും. വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും കേവലം വിദ്യാർത്ഥികളുടെ സുഗമമായ യാത്ര എന്നതിനപ്പുറം അതിനെ ഉന്നത പ്രതിഭകളുടെ പങ്കാളിത്തമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.