വ്യോമയാന മേഖലയിൽ സുരക്ഷാ ഭീഷണി; പകുതിയിലധികം വിമാനങ്ങളിലും സാങ്കേതിക തകരാറെന്ന് റിപ്പോർട്ട്

റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിലാണ് ഏറ്റവും കൂടുതൽ വീഴ്ചകൾ കണ്ടെത്തിയിട്ടുള്ളത്

flights
പകുതിയിലധികം വിമാനങ്ങളിലും സാങ്കേതിക തകരാറെന്ന് റിപ്പോർട്ട്Jerry Zhang/ Unsplash
Published on

ന്യൂഡൽഹി: രാജ്യത്തെ യാത്രാവിമാനങ്ങളുടെ സുരക്ഷയിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി പാർലമെന്ററി സമിതി റിപ്പോർട്ട്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ പരിശോധന നടത്തിയ 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സുരക്ഷാ സംവിധാനങ്ങളിൽ അടിയന്തരവും അടിസ്ഥാനപരവുമായ മാറ്റങ്ങൾ വരുത്തണമെന്ന് സമിതി സർക്കാരിനോട് ശുപാർശ ചെയ്തു.

റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിലാണ് ഏറ്റവും കൂടുതൽ വീഴ്ചകൾ കണ്ടെത്തിയിട്ടുള്ളത്. എയർ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും (ഏകദേശം 82%) സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിക്കുന്നുണ്ട്. കൂടാതെ നൂറോളം സുരക്ഷാ ലംഘനങ്ങളും ഈ വിമാനങ്ങളിൽ കണ്ടെത്തി. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ കാര്യമെടുത്താൽ പരിശോധിച്ച 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സ്ഥിരമായ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം വീഴ്ചകൾ വിട്ടുവീഴ്ചയില്ലാതെ പരിഹരിക്കണമെന്നും സമിതി കർശന നിർദ്ദേശം നൽകി.

വിമാനങ്ങളുടെ അറ്റകുറ്റപ്പണികളിലെ അലംഭാവവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയുമാണ് ഇത്രയധികം വിമാനങ്ങൾ ഒരേസമയം തകരാറിലാകാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യോമയാന മന്ത്രാലയം ഈ റിപ്പോർട്ടിന്മേൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരക്ഷാ ഓഡിറ്റുകൾ കൂടുതൽ കർശനമാക്കണമെന്നുമാണ് പാർലമെന്ററി സമിതിയുടെ ആവശ്യം. വരും ദിവസങ്ങളിൽ വിമാനക്കമ്പനികൾക്കെതിരെ കർശനമായ പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടായേക്കും.

Related Stories

No stories found.
Metro Australia
maustralia.com.au