
മറുനാടൻ മലയാളികൾ, പ്രത്യേകിച്ച് മുംബൈ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ നാട്ടിലെത്തുന്ന സമയമാണ് ദീപാവലി, നവരാത്രിക്കാലം. നീണ്ട അവധിക്കാലവും വാരാന്ത്യങ്ങളും ആയതിനാൽ അധികം അവധിയെടുക്കേണ്ട എന്നതും മെച്ചമാണ്. ഈ സീസണിലെ തിരക്ക് പരിഗണണിച്ച് ഇന്ത്യൻ റെയിൽവേ കേരളത്തിനും മുംബൈയ്ക്കും ഇടയിൽ അധിക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 25 മുതൽ നവംബർ 29 വരെ ലോകമാന്യതിലക് - തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാലു മണിക്ക് ലോകമാന്യ തിലകിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01463) പിറ്റേന്ന് രാത്രി 10.45നു തിരുവനന്തപുരം നോർത്തിലെത്തും.
തിരികെ തിരുവനന്തപുരം നോർത്ത് - ലോകമാന്യതിലക് പ്രത്യേക ട്രെയിൻ സെപ്റ്റംബർ 27 മുതൽ നവംബർ 29 വരെ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 4.20നു പുറപ്പെട്ട് മൂന്നാംദിവസം പുലർച്ചെ ഒരു മണിക്ക് ലോകമാന്യ തിലകിലെത്തും. .
കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊറണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിലായി 16 സ്റ്റോപ്പുകളാണുള്ളത്.