

ഓസ്‌ട്രേലിയയിൽ നടന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസമായ ‘പിച്ച് ബ്ലാക്ക് 2026’ വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ വ്യോമസേന (IAF) അറിയിച്ചു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും വ്യോമമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പങ്കാളി രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തിയെന്നും IAF വ്യക്തമാക്കി. ജൂലൈ 20 മുതൽ ഓഗസ്റ്റ് 7 വരെ ഓസ്‌ട്രേലിയയുടെ വടക്കൻ തീരമേഖലയിലാണ് മൂന്നാഴ്ച നീണ്ട വ്യോമാഭ്യാസം നടന്നത്. 20 രാജ്യങ്ങൾ പങ്കെടുത്ത അഭ്യാസത്തിൽ നൂറിലധികം യുദ്ധവിമാനങ്ങളും ഏകദേശം 2,500 സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്ത്യൻ വ്യോമസേനയുടെ സംഘത്തിൽ നാല് റഫാൽ യുദ്ധവിമാനങ്ങൾ, രണ്ട് C-17 ഗ്ലോബ്മാസ്റ്റർ ഗതാഗതവിമാനങ്ങൾ, 120 സൈനികർ എന്നിവരാണുണ്ടായിരുന്നത്. ‘പിച്ച് ബ്ലാക്ക്’ അഭ്യാസത്തിൽ ഇന്ത്യൻ റഫാൽ യുദ്ധവിമാനങ്ങൾ ആദ്യമായാണ് പങ്കെടുക്കുന്നത്. യാഥാർഥ്യത്തോട് അടുത്ത പോരാട്ട സാഹചര്യങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമസേനകൾക്കൊപ്പം പ്രവർത്തിച്ചതിലൂടെ പരസ്പര പ്രവർത്തനക്ഷമത (interoperability), തന്ത്രപരമായ അറിവ്, പ്രവർത്തന സന്നദ്ധത എന്നിവ മെച്ചപ്പെടുത്താൻ സാധിച്ചതായി IAF അറിയിച്ചു. വിവിധ ദൗത്യങ്ങളിലൂടെയും സംയുക്ത പരിശീലനങ്ങളിലൂടെയും തന്ത്രങ്ങൾ, നടപടിക്രമങ്ങൾ, പ്രൊഫഷണൽ മികവ് എന്നിവയിൽ പങ്കെടുത്ത രാജ്യങ്ങൾ പരസ്പരം അനുഭവങ്ങൾ കൈമാറിയതായും വ്യോമസേന വ്യക്തമാക്കി.
‘പിച്ച് ബ്ലാക്ക് 2026’ൽ ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നിവയ്ക്ക് പുറമെ പാപ്പുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും പങ്കെടുത്തു. ന്യൂസിലാൻഡ്, ഫിജി, കാനഡ, ബ്രൂണൈ, മലേഷ്യ, ഫിൻലാൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരും അഭ്യാസത്തിന്റെ ഭാഗമായി. ഡാർവിൻ, ടിൻഡൽ, ആംബർലി എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പ്രധാന പരിശീലനങ്ങൾ. മേഖലാ-ആഗോള തലത്തിൽ വിവിധ രാജ്യങ്ങളുടെ സൈനിക സഹകരണവും പരസ്പര പ്രവർത്തനക്ഷമതയും ശക്തിപ്പെടുത്തുകയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.