

എപ്സ്റ്റീൻ ഫയൽ വിവാദം കോൺഗ്രസിനെതിരെ തിരിക്കാൻ ബിജെപി. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്‍റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നാണ് ബിജെപി പറയുന്നത്. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഓവർസീസ് കോൺഗ്രസ് നേതാവ് സാംപിത്രോദയും പങ്കെടുത്തിരുന്നെന്നും പറയുന്നു. ഇക്കാര്യങ്ങൾ എപ്സ്റ്റീൻ ഫയലിലുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ജെഫ്രി എപ്‌സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി സമ്മതിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. എപ്‌സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ.) കമ്മിഷന്റെ ഭാഗമായിരിക്കേയാണ് കണ്ടത്. അതേസമയം ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ബുധനാഴ്ച ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.പി.ഐ.യിൽ തന്റെ മേലധികാരിയായിരുന്ന ടെർജെ റോഡ് ലാർഷന് എപ്‌സ്റ്റീനെ അറിയാം. അങ്ങനെയാണ് താൻ എപ്‌സ്റ്റീനെ കണ്ടിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുമധ്യത്തിൽ ലഭ്യമാണ്. എട്ടുവർഷത്തിനിടയിൽ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് ആകെ രണ്ടുപരാമർശങ്ങൾ മാത്രമാണ് തന്നെക്കുറിച്ച് വന്നിട്ടുള്ളത്. ഒന്ന് ഒരു ഇ-മെയിൽ സന്ദേശവുമായി ബന്ധപ്പെട്ടാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക കുറ്റകൃത്യത്തിനായി ദുരുപയോഗിച്ചുവെന്നതാണ് എപ്‌സ്റ്റീന്റെ പേരിലുള്ള കേസ്. താൻ നടത്തിയിട്ടുള്ള ആശയവിനിമയങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഹർദീപ് സിങ് പുരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എപ്‌സ്റ്റീന്റെ പ്രവൃത്തികളിൽ ഒരു താത്പര്യവുമില്ലാത്തയാളാണ് താൻ. അവരെസംബന്ധിച്ച് താൻ അവർക്ക് പറ്റിയ ആളല്ല. അതവർക്കുതന്നെ അറിയാം. തനിക്ക് ഇരട്ടമുഖമാണെന്നാണ് എപ്‌സ്റ്റീൻ വിശേഷിപ്പിച്ചിട്ടുള്ളത്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായിട്ടാണ് കണ്ടത്. 8 വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നും. അന്ന് താൻ സർക്കാരിന്റെ ഭാഗമായിരുന്നില്ലെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. രാഹുൽ ഇതുസംബന്ധിച്ച ഇ-മെയിലുകൾ വായിക്കണമെന്നും രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. 2009-2013 കാലത്ത് ന്യൂയോർക്കിൽ യു.എൻ. ആസ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയായിരുന്നു പുര.