

വാട്ട്സ്ആപ്പ് ഉപയോഗം ഇനി സജീവ സിം കാർഡുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ . സൈബർ തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ, സ്‌പാം തുടങ്ങിയവ വർധിക്കുന്ന സാഹചര്യമാണ് ടെലികമ്മ്യൂണിക്കേഷൻ സൈബർസെക്യൂരിറ്റി (ഭേദഗതി) ചട്ടങ്ങൾ, 2025 പുറത്തിറക്കിയത്. ഡോട്ട് (DoT) പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പ്രകാരം വാട്ട്സ്ആപ്പ് അടക്കം എല്ലാ മെസേജിംഗ് ആപ്പുകളും 90 ദിവസത്തിനകം ഈ സംവിധാനം നടപ്പാക്കണം. സിം ആക്ടീവ് അല്ലെങ്കിൽ ഫോണിൽ ഇല്ലെങ്കിൽ ആപ്പ് പ്രവർത്തനം നിർത്തും.
വാട്ട്സ്ആപ്പിന്റെ വെബ് വേർഷനിൽ ആറുമണിക്കൂറിന് ശേഷം സ്വയമേ ലോഗൗട്ട് ചെയ്യുകയും പിന്നീടത് വീണ്ടും ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പ്രവേശിക്കണമെന്നും നിർദ്ദേശമുണ്ട്. സുരക്ഷിതമല്ലാത്ത ബ്രൗസർ സെഷനുകൾ കുറയ്ക്കാനാണ് ഈ സംവിധാനം.
വാട്ട്സ്ആപ്പിനെ ‘ടെലികോമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റി’ (TIUE) എന്ന പുതിയ നിയമ വിഭാഗത്തിലേക്ക് സർക്കാർ ഉൾപ്പെടുത്തി. ഇതോടെ ടെലികോം ഓപ്പറേറ്റർമാരുടെ പോലുള്ള സുരക്ഷാ-പരിശോധന ചട്ടങ്ങൾ വാട്ട്സ്ആപ്പിനും ബാധകമാകും. പുതിയ ചട്ടപ്രകാരം, ആപ്പ് നിരന്തരം സിം കാർഡ് സജീവമാണോ എന്ന് പരിശോധിക്കും. സിം നീക്കംചെയ്താൽ, മാറ്റിയാൽ, അല്ലെങ്കിൽ ഡിസ്ആക്ടിവേറ്റ് ചെയ്താൽ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമാകും.
ഇന്ത്യയിലെ 500 മില്യൺ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പിലെ ഈ മാറ്റങ്ങൾ അല്പം അസൗകര്യമാകാമെങ്കിലും സുരക്ഷിതമാകുമെന്നാണ് സർക്കാരിന്റെ നിഗമനം. വൈഫൈ മാത്രം ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഉപയോഗിക്കുന്നവർ, ഫോൺ മാറ്റിവയ്ക്കുന്നവർ എന്നിവർക്ക് തടസമുണ്ടാകാം.