

ഫിലിപ്പൈൻസ്–ഓസ്ട്രേലിയ യാത്രാ ബന്ധം കൂടുതൽ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി ജെറ്റ്‌സ്റ്റാർ എയർവേയ്‌സ് പെർത്ത് എയർപോർട്ട് (PER) – മനില നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ട് (MNL) നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. പർത്തിൽ താമസിക്കുന്ന ഫിലിപ്പിനോ സമൂഹത്തിനും വെസ്റ്റേൺ ഓസ്ട്രേലിയയിലെ യാത്രാക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് സർവീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ, ഇടവേളകളില്ലാത്ത വിമാന സർവീസ് നൽകുന്ന ആദ്യ എയർലൈൻ എന്ന പ്രത്യേകതയും ജെറ്റ്‌സ്റ്റാറിനുണ്ട്.
പെർത്ത്–മനില സർവീസ് ജെറ്റ്‌സ്റ്റാറിന്റെ അന്താരാഷ്ട്ര സാന്നിധ്യം വർധിപ്പിക്കുന്നതിലും ഏഷ്യയിലേക്കുള്ള യാത്രാ വികസിപ്പിക്കുന്നതിലുമുള്ള പ്രധാന നീക്കമായി കാണപ്പെടുന്നു. സിംഗപ്പൂർ, ബാങ്കോക്ക്, ഫൂക്കറ്റ്, ബാലി എന്നിവയിലേക്ക് നേരിട്ടുള്ള സർവീസുകളോടൊപ്പം, പുതിയ മനില റൂട്ടിലൂടെ ജെറ്റ്‌സ്റ്റാർ ഇപ്പോള്‍ പെർത്തിൽ നിന്ന് ഏഷ്യയിലെ അഞ്ച് നേരിട്ടുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്നു.
ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്തുക. ആദ്യ വർഷം മാത്രം 72,000-ത്തിലധികം സീറ്റുകൾ ലഭ്യമാക്കാനാണ് എയർലൈന്റെ കണക്ക്. പെർത്തിൽ നിന്ന് മനിലയിലേക്കുള്ള ആവശ്യകത ഉയർന്നുവരുന്നതും ഫിലിപ്പൈൻസ് വിനോദസഞ്ചാര ആകർഷണമായി മാറുന്നതുമാണ് ഈ സർവീസ് ആരംഭിക്കാൻ പിന്നിലെ പ്രധാന കാരണങ്ങൾ. പെർത്ത്–മനില റൂട്ടിനായി ജെറ്റ്‌സ്റ്റാർ പുതിയ എയർബസ് A321LR വിമാനങ്ങളാണ് വിന്യസിക്കുന്നത്. കൂടുതൽ ഇന്ധനക്ഷമതയും ശബ്ദമില്ലാത്ത പ്രവർത്തനവും ഉയർന്ന യാത്രാസുഖവും ഈ വിമാനങ്ങളുടെ പ്രത്യേകതകളാണ്. നീണ്ട ദൂരയാത്രയ്ക്ക് അനുയോജ്യമായ ഡിസൈനാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത.