

അഡിലെയ്ഡിലെ വാടക ഇപ്പോൾ തന്നെ ഉയർന്നതായി തോന്നുന്നുവെങ്കിലും, വരാനിരിക്കുന്ന വർഷങ്ങൾ വാടകക്കാർക്ക് കൂടുതൽ കഠിനമായിരിക്കുമെന്ന് പുതിയ വിശകലനം സൂചിപ്പിക്കുന്നു. PropTrack ഡാറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ പുതിയ പഠനം പ്രകാരം, കഴിഞ്ഞ ദശാബ്ദത്തിലെ വളർച്ച പോലെ തന്നെ വാടക വർധന തുടർന്നാൽ 2035-ൽ വാടക നിരക്കുകൾ ഗണ്യമായി ഉയരുമെന്നാണ് പ്രവചനം.
ഗ്രേറ്റർ അഡിലെയ്ഡിലെ വീടുകളുടെ നിലവിലെ മീഡിയൻ വാരാന്ത്യ വാടകയായ 610 ഡോളർ 2035-ൽ 799 ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. യൂണിറ്റുകളുടെ വാടകയും 520 ഡോളറിൽ നിന്ന് 681 ഡോളർ വരെ ഉയരുമെന്ന് പ്രവചിക്കുന്നു.
പ്രീമിയം സബർബുകളിൽ വർധന ഇതിലും കൂടുതലാണ്. മെടിൻഡിയിലെ വീടുകളുടെ വാടക ഇപ്പോഴത്തെ 1265 ഡോളറിൽ നിന്ന് 2035-ൽ 1802 ഡോളർ ആകുമെന്ന് റിപ്പോർട്ട് പറയുന്നു — ആഴ്ചയിൽ 537 ഡോളറിന്റെ വർധന. അൺലി പാർക്കിലും വാടക ഗണ്യമായി ഉയരുമെന്നാണ് പഠനം.
വാടക വർധനയുടെ പശ്ചാത്തലത്തിൽ, കഴിയുന്നവർ വീടുവാങ്ങുന്നത് വാടകയ്‌ക്കെടുക്കുന്നതിനെക്കാൾ സാമ്പത്തികമായി ഗുണകരമാണ് എന്ന് എസ്ക്യൂഎം റിസർച്ച് സ്ഥാപകൻ ലൂയിസ് ക്രിസ്റ്റഫർ പറയുന്നു. വെയല്ല (Whyalla) യൂണിറ്റുകളുടെ വാടക 250 ഡോളറിൽ നിന്ന് 356 ഡോളറായും, കൂബർ പീഡിയിലെ വീടുകളുടെ വാടക 263 ഡോളറിൽ നിന്ന് 375 ഡോളറായും ഉയരുമെന്നാണ് പ്രവചനം.