

ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള മൂന്നാംഘട്ട നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി 11 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്ര സർക്കാരിന്റെ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (പി.പി.പി.എ.സി.) തത്വത്തിൽ അംഗീകാരം നൽകി. ഈ നിർദ്ദേശം പി.പി.പി.എ.സി.യുടെ അന്തിമ അനുമതി നേടിയ ശേഷം തുടർനടപടികൾക്കായി സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിക്ക് (സി.സി.ഇ.എ.) സമർപ്പിക്കും.
അഞ്ച് ബണ്ടിലുകളിലായാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരണത്തിനായി നൽകുന്നത്. അമൃത്സർ, കാംഗ്ര; വാരാണസി, ഗയ, കുശിനഗർ; ഭുവനേശ്വർ, ഹുബ്ബള്ളി; റായ്പൂർ, ഔറംഗബാദ്; തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവയാണ് ലേലത്തിനായി പരിഗണിക്കുന്ന 11 വിമാനത്താവളങ്ങൾ.
50 വർഷത്തെ പാട്ടക്കരാർ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുക. അതത് വിമാനത്താവളങ്ങളിലെ ആഭ്യന്തര യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഫീസ് അടിസ്ഥാനമാക്കിയായിരിക്കും ലേല നടപടികൾ നിശ്ചയിക്കുക. വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കുന്ന കാര്യവും കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.
വിമാനത്താവള മേഖലയിൽ ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തക ഉണ്ടാകുന്നത് തടയുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി വ്യോമയാന മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒരു ലേലക്കാരന് പരമാവധി എത്ര ബണ്ടിലുകളിൽ വിമാനത്താവളങ്ങൾ നൽകാം എന്നതിന് പരിധി നിശ്ചയിക്കും. ഇതിനായുള്ള മാനദണ്ഡങ്ങൾ അന്തിമഘട്ടത്തിലാണ്. പി.പി.പി.എ.സി.യുടെ അന്തിമ അനുമതിക്കായുള്ള അപേക്ഷയ്ക്കൊപ്പം ഈ ശുപാർശകളും സമർപ്പിക്കും.
മുൻപ് നടന്ന ലേലത്തിൽ ആറ് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെ തുടർന്ന് ഈ മേഖലയിൽ കുത്തകവൽക്കരണം ഉണ്ടാകുന്നതിനെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഒരു ലേലക്കാരന് പരമാവധി രണ്ട് വിമാനത്താവളങ്ങൾ മാത്രമേ നൽകാവൂ എന്ന ധനകാര്യ മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാർശകൾ മുൻ ലേല സമയത്ത് പി.പി.പി.എ.സി. തള്ളുകയായിരുന്നു.