

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടൻ കുറവുണ്ടായേക്കുമെന്ന് സൂചന. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞതും ഏഷ്യൻ വിപണികൾക്കുള്ള എണ്ണവില സൗദി അറേബ്യ ബാരലിന് 11 ഡോളറോളം വെട്ടിക്കുറച്ചതുമാണ് ഇന്ത്യയിലും വില കുറയ്ക്കാൻ എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഈ മാസം 20-ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇന്ധനവില കുറച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മുൻപ് രാജ്യത്ത് ലിറ്ററിന് എട്ട് രൂപയോളം ഇന്ധനവില വർദ്ധിപ്പിച്ചിരുന്നു.
നേരത്തെ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 120 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ വില നിലവിൽ 70 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിലും കുറഞ്ഞ നിരക്കിൽ ഇന്ത്യക്ക് എണ്ണ ലഭ്യമാക്കാനുള്ള പ്രത്യേക കരാറുകളും നിലവിലുണ്ട്. ആഗോള വിപണിയിൽ വില ഇടിഞ്ഞിട്ടും ഇന്ത്യയിൽ ഉയർന്ന നിരക്കിൽ ഇന്ധന വിൽപന തുടർന്നത് വഴി എണ്ണക്കമ്പനികളുടെ മുൻകാല നഷ്ടം 75,000 കോടി രൂപയിൽ നിന്നും 50,000 കോടിയായി കുറഞ്ഞിട്ടുണ്ട്. നിലവിലെ അനുകൂല സാഹചര്യം അടുത്ത 10 ദിവസത്തേക്ക് കൂടി തുടരുകയാണെങ്കിൽ കമ്പനികൾക്ക് തങ്ങളുടെ നഷ്ടം പൂർണ്ണമായി നികത്താനും ജനങ്ങൾക്ക് വിലക്കുറവിന്റെ ആനുകൂല്യം കൈമാറാനും സാധിക്കും.
വിലക്കയറ്റത്തിനെതിരെ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്താൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ട് രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി വില കുറയ്ക്കലിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. റഷ്യയിൽ നിന്നും മറ്റ് സപ്ലയർമാരിൽ നിന്നും കുറഞ്ഞ നിരക്കിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും രാജ്യത്തെ എണ്ണ വിപണിക്ക് നിലവിൽ ആശ്വാസം പകരുന്നുണ്ട്. എണ്ണക്കമ്പനികളുമായി സർക്കാർ നടത്തുന്ന ചർച്ചകൾക്ക് ശേഷം 20-ാം തീയതിക്ക് മുൻപ് തന്നെ ലിറ്ററിന് ആറ് മുതൽ എട്ട് രൂപ വരെയുള്ള കുറവ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.