രാജ്യത്ത് ഇന്ധനവില വർദ്ധിച്ചേക്കും; നിരക്കുകളിൽ മാറ്റത്തിന് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവുമാണ് എണ്ണവില വർദ്ധിക്കാൻ പ്രധാന കാരണമായത്. ഈ ആഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്നു.
രാജ്യത്ത് ഇന്ധനവില വർദ്ധിച്ചേക്കും
രാജ്യത്ത് ഇന്ധനവില വർദ്ധിച്ചേക്കും
Published on

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കുകയായിരുന്നുവെങ്കിലും, നിലവിലെ ആഗോള സാഹചര്യം വില വർദ്ധനവ് അനിവാര്യമാക്കുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ ദീർഘകാലമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധന നിരക്കുകൾ വരും ദിവസങ്ങളിൽ ഉയർന്നേക്കാം.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവുമാണ് എണ്ണവില വർദ്ധിക്കാൻ പ്രധാന കാരണമായത്. ഈ ആഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്നു. നിലവിൽ 110 ഡോളറിന് മുകളിലാണ് വില തുടരുന്നത്. കഴിഞ്ഞ വർഷം 70 ഡോളറായിരുന്ന സ്ഥാനത്താണിത്. നിലവിലെ സാഹചര്യം അനുസരിച്ച് പെട്രോളിന് ലിറ്ററിന് 20 രൂപയും ഡീസലിന് 100 രൂപയോളവും നഷ്ടം സഹിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വിൽപന നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ ഡൽഹിയിൽ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിരക്ക്. കൊമേഴ്‌സ്യൽ എൽപിജി, വിമാന ഇന്ധനം എന്നിവയുടെ വില നേരത്തെ തന്നെ വർദ്ധിപ്പിച്ചിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 29-ന് അവസാനിച്ച സാഹചര്യത്തിൽ, ഏതു നിമിഷവും ഇന്ധനവിലയിൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Metro Australia
maustralia.com.au