

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന വിപണി സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര തലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ പെട്രോളിയം ശേഖരം സുസ്ഥിരമാണെന്നും വിതരണ തടസ്സങ്ങൾ നേരിടാൻ രാജ്യം സജ്ജമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റഷ്യയിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതകം (LNG) വാങ്ങുന്ന കാര്യം ഇന്ത്യ സജീവമായി പരിഗണിക്കുന്നുണ്ട്. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. കൂടാതെ, സൗദി അറേബ്യയിലെ യാംബുവിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാറിലേർപ്പെട്ടതായും വിവരമുണ്ട്.
അതേസമയം, രാജ്യത്ത് പാചകവാതക വിലയിൽ വർധനയുണ്ടായി. ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ഊർജചെലവ് വർധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.