

ചൈനീസ് വീഡിയോ സർവൈലൻസ് കമ്പനികളായ ഹിക്വിഷൻ, ദഹുവ, ടിപി-ലിങ്ക് തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ ഇന്റർനെറ്റ്-കണക്റ്റഡ് സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നു. ഏപ്രിൽ മുതൽ സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ്‍ടിക്യുസി) നിയമങ്ങളുടെ കീഴിലുള്ള പുതിയ സർട്ടിഫിക്കേഷൻ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ നിരോധനം നടപ്പിലാകും. ഈ ചട്ടങ്ങൾ പ്രകാരം, ഇന്ത്യയിൽ സിസിടിവി ഉൽപ്പന്നങ്ങൾ വിൽക്കാൻ മുമ്പ് അനുമതി നിർബന്ധമാണ്. ഈ നിയമങ്ങൾ ഇന്ത്യയിൽ സിസിടിവിക്യാമറകളും വീഡിയോ സർവൈലൻസ് ഉൽപ്പന്നങ്ങളും വിൽക്കുന്ന എല്ലാ ബ്രാൻഡുകൾക്കും ബാധകമാണ്.
ഈ നീക്കം കണക്റ്റഡ് ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കാനുള്ള സർക്കാരിന്റെ വലിയ ശ്രമത്തിന്റെ ഭാഗമാണെന്ന് ഇക്കണോമിക്ക് ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം, മേൽപ്പറഞ്ഞ ചൈനീസ് കമ്പിനകളുടെ ഉൽപ്പന്നങ്ങൾക്കും ചൈനീസ് ഉറവിടമുള്ള ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും സർട്ടിഫിക്കേഷൻ നൽകുന്നതിൽ അധികൃതർ വിസമ്മതിക്കുകയാണ്. സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ്‍ടിക്യുസി) അംഗീകാരം ഇല്ലാതെ, ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശനം പ്രായോഗികമായി നിരോധിക്കപ്പെടും.