
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ബിൻഡൂൺ ട്രെയിനിംഗ് ഏരിയയിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനിക അഭ്യാസമായ ഓസ്ട്രാഹിന്ദ് വിജയകരമായി പുരോഗമിക്കുന്നു. നിരവധി പരിശീലനങ്ങളും പ്രവർത്തികളും അടങ്ങിയ ഡ്രില്ലിൽ ശാരീരിക പരിശീലനം, യോഗ, ഫയറിംഗ്, ടാക്ടിക്കൽ ഡ്രില്ലുകൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
ഇന്ത്യൻ സൈന്യവും ഓസ്ട്രേലിയൻ സൈന്യവും തമ്മിലുള്ള ഈ നാലാമത് സംയുക്ത സൈനിക അഭ്യാസം ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധബന്ധം കൂടുതൽ ശക്തമാക്കുന്നതായി വിലയിരുത്തുന്നുവെന്ന് ഇന്ത്യൻ ആർമി അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫോർമേഷൻ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
ഒക്ടോബർ 13 ന് ആരംഭിച്ച സംയുക്ത സൈനിക അഭ്യാസം 26 വരെ നീളും.120 ഇന്ത്യൻ സൈനികർ ആണ് ഇതിനായി ഓസ്ട്രേലിയയിൽ എത്തിയിട്ടുള്ളത്. സംയുക്ത ഓപ്പറേഷനുകളിലും നഗര-പാതിനഗര മേഖലകളിലുമുള്ള യുദ്ധപരിശീലനത്തിലും ഇരു സേനകളും പങ്കാളികളാകും. രസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുക, യുദ്ധസാമർത്ഥ്യം മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുക, യുദ്ധ രംഗങ്ങളിൽ സംയുക്തമായി പ്രവർത്തിക്കാനുള്ള കഴിവുകൾ വർധിപ്പിക്കുക എന്നിവയാണ് ഓസ്ട്രാഹിന്ദ് 2025 ലക്ഷ്യങ്ങൾ.