

കാൻബറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ (Comprehensive Strategic Partnership) പ്രധാന തൂണുകളിലൊന്നായ നൈപുണ്യ സഹകരണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നാഗേഷ് സിംഗ്, ഓസ്‌ട്രേലിയൻ നൈപുണ്യ-പരിശീലന വകുപ്പ് മന്ത്രി ആൻഡ്രൂ ഗൈൽസുമായി തിങ്കളാഴ്ച കാൻബറയിൽ വെച്ച് പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമാകുന്ന രീതിയിൽ നൈപുണ്യ വികസന രംഗത്തെ സഹകരണം എങ്ങനെ ശക്തമാക്കാമെന്ന് നേതാക്കൾ ചർച്ച ചെയ്തതായി കാനബറയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഔദ്യോഗികമായി അറിയിച്ചു.
മന്ത്രി ആൻഡ്രൂ ഗൈൽസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ വിക്ടോറിയ സംസ്ഥാന പ്രീമിയർ ജസീന്ത അലനുമായും ഹൈക്കമ്മീഷണർ നാഗേഷ് സിംഗ് ചർച്ചകൾ നടത്തി. ഇന്ത്യയും വിക്ടോറിയയും തമ്മിലുള്ള വ്യാപാരം, വിദ്യാഭ്യാസം, നവീകരണം, സംസ്കാരം, പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച. വിക്ടോറിയയിൽ വൻതോതിൽ വളർന്നുവരുന്ന ഇന്ത്യൻ പ്രവാസി സമൂഹവും സ്ഥാപനപരമായ പങ്കാളിത്തവും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണെന്ന് ഹൈക്കമ്മിഷൻ 'X'-ൽ കുറിച്ചു.
പ്രൊഫഷണലുകളുടെ കുടിയേറ്റം എളുപ്പമാക്കാൻ പുതിയ കോഴ്സുകൾ:
കഴിഞ്ഞ ഡിസംബറിൽ ന്യൂഡൽഹിയിൽ വെച്ച് നടന്ന മൂന്നാമത് ഓസ്‌ട്രേലിയ–ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് സ്കിൽസ് കൗൺസിൽ യോഗത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ചർച്ചകൾ. ഇന്ത്യയിലെ നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരിയും ഓസ്‌ട്രേലിയൻ മന്ത്രി ആൻഡ്രൂ ഗൈൽസും സംയുക്തമായാണ് അന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് ഓസ്‌ട്രേലിയയിലേക്ക് എളുപ്പത്തിൽ ജോലിക്ക് പോകുന്നതിനായി യോഗ്യതകളുടെ പരസ്പര അംഗീകാരം വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ വരാനിരിക്കുന്ന വലിയ കായിക മാമാങ്കങ്ങൾക്ക് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യ വികസനം മുന്നിൽക്കണ്ട്, അവിടുത്തെ നിർമ്മാണ മേഖലയ്ക്ക് അനുയോജ്യമായ ആഗോള നിലവാരമുള്ള പ്രത്യേക ബ്രിഡ്ജ് കോഴ്സുകൾ സംയുക്തമായി രൂപീകരിക്കാനും ഈ ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമായി.