

തിരുവനന്തപുരം: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ 'ഓസ്ട്രഹിന്ദിന്റെ' (AUSTRAHIND 2026) അഞ്ചാമത് പതിപ്പിന് കേരളത്തിൽ തുടക്കമായി. തിരുവനന്തപുരത്തെ ഫോറിൻ ട്രെയിനിംഗ് നോഡിൽ (Foreign Training Node) ആരംഭിച്ച അഭ്യാസപ്രകടനം നവംബർ ഒന്നു വരെ നീണ്ടുനിൽക്കും. തീരദേശ-ദ്വീപ് മേഖലകളിലെ സുരക്ഷ, നിരീക്ഷണം, സംയുക്ത ഓപ്പറേഷനുകൾ, ദുരന്ത നിവാരണം എന്നിവ മുൻനിർത്തിയാണ് ഇരുരാജ്യങ്ങളുടെയും സൈന്യം സംയുക്ത പരിശീലനം നടത്തുന്നത്.
ഇരുരാജ്യങ്ങളിൽ നിന്നുമായി 120 വീതം സൈനികരാണ് സംയുക്ത അഭ്യാസത്തിൽ അണിനിരക്കുന്നത്. ഇന്ത്യൻ കരസേനയിൽ നിന്ന് ഗർവാൾ റൈഫിൾസ് ട്രൂപ്പുകളും, ഓസ്ട്രേലിയൻ ആർമിയിൽ നിന്ന് 13-ാം ബ്രിഗേഡിലെ സൈനികരുമാണ് പങ്കാളികളാകുന്നത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ VII മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി, 'തീരദേശ-ദ്വീപ് മേഖലകളിലെ സബ്-കൺവെൻഷണൽ ഓപ്പറേഷനുകൾ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിശീലന പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യോമ-നാവിക മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ആസൂത്രണങ്ങളും തന്ത്രപരമായ ഡ്രില്ലുകളും അഭ്യാസത്തിന്റെ ഭാഗമായി നടക്കും.
കൂടാതെ ചരിത്രത്തിലാദ്യമായി ന്യൂസിലൻഡിൽ നിന്നുള്ള ഒരു നിരീക്ഷക സംഘവും ഇത്തവണത്തെ ഓസ്ട്രഹിന്ദ് അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൈനിക സൗഹൃദവും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനൊപ്പം, ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ഈ സംയുക്ത നീക്കം കൂടുതൽ കരുത്തുപകരുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2025 ഒക്ടോബറിൽ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ഇർവിൻ ബാരക്സിലായിരുന്നു ( അഭ്യാസത്തിന്റെ നാലാമത് പതിപ്പ് നടന്നത്.