ഇന്ധനവില കുറയും; ഇ22 മുതൽ ഇ30 വരെയുള്ള പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം

നികുതി ഇളവ് നിലവിൽ വരുന്നതോടെ ഇപ്പോൾ വിപണിയിലുള്ള ഇ20 പെട്രോളിനെക്കാൾ വിലക്കുറവിൽ പുതിയ ഇന്ധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഇ22 മുതൽ ഇ30 വരെയുള്ള പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം
ഇ22 മുതൽ ഇ30 വരെയുള്ള പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം
Published on

പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ ചേർത്തുള്ള ഇന്ധനങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിർണ്ണായക നികുതി ഇളവുകൾ പ്രഖ്യാപിച്ചു. പെട്രോളിൽ 22% മുതൽ 30% വരെ എഥനോൾ അടങ്ങിയിട്ടുള്ള ഇ22, ഇ25, ഇ27, ഇ30 എന്നീ ഇന്ധനങ്ങളുടെ സെൻട്രൽ എക്‌സൈസ് തീരുവയാണ് പൂർണ്ണമായും ഒഴിവാക്കിയത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഈ ഇന്ധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും ഇവ രാജ്യത്തെ പെട്രോൾ പമ്പുകളിൽ വിതരണത്തിന് എത്തിത്തുടങ്ങിയിട്ടില്ല. നികുതി ഇളവ് നിലവിൽ വരുന്നതോടെ ഇപ്പോൾ വിപണിയിലുള്ള ഇ20 പെട്രോളിനെക്കാൾ വിലക്കുറവിൽ പുതിയ ഇന്ധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇത് എണ്ണക്കമ്പനികൾക്കും വിതരണക്കാർക്കും കൂടുതൽ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള ഇ20 പെട്രോൾ വിതരണം വൻ വിജയമാണെന്ന് ബിഐഎസ് വ്യക്തമാക്കുന്നു. ഇതിന്റെ തുടർച്ചയായി കൂടുതൽ എഥനോൾ അടങ്ങിയ പെട്രോൾ വിപണിയിലെത്തിക്കുന്നത് വഴി അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും സാധിക്കും. കാർഷിക ഉൽപന്നങ്ങളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനാൽ ഈ നീക്കം ആഭ്യന്തര കാർഷിക മേഖലയ്ക്കും കർഷകർക്കും വലിയ സാമ്പത്തിക നേട്ടമാകും. ഒപ്പം തന്നെ വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം ഗണ്യമായി കുറയ്ക്കാനും ഹരിത ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇ20 പെട്രോളിന് ലിറ്ററിന് 110 രൂപയ്ക്ക് മുകളിലാണ് നിലവിലെ വില.

കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ 85 ശതമാനം എഥനോളും 15 ശതമാനം മാത്രം പെട്രോളും അടങ്ങിയ 'ഇ85' ഇന്ധനം രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഡൽഹി, മുംബൈ, പുണെ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ആദ്യഘട്ടമായി എത്തുന്ന ഇ85 ഇന്ധനത്തിന് ലിറ്ററിന് 82.12 രൂപ മാത്രമാണ് വില വരുന്നത്. അതായത് സാധാരണ ഇ20 പെട്രോളിനെക്കാൾ 30 രൂപയോളം ലാഭം. എന്നാൽ നിലവിലുള്ള ഇ20 എൻജിൻ വാഹനങ്ങളിൽ ഉയർന്ന എഥനോൾ അടങ്ങിയ ഇ85 ഇന്ധനം നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ല. എഥനോളിന്റെ അളവ് കൂടുമ്പോൾ എൻജിൻ കാലിബറേഷൻ, ഇന്ധന വിതരണ സംവിധാനം, തുരുമ്പിനെ പ്രതിരോധിക്കാനുള്ള പ്രത്യേക എഞ്ചിനീയറിങ് മാറ്റങ്ങൾ എന്നിവ വാഹനങ്ങളിൽ വരുത്തേണ്ടതുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളം 500 ഇ85 ഇന്ധന പമ്പുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Metro Australia
maustralia.com.au