ബിജെപി ആസ്ഥാനത്തിന് ഭീകരാക്രമണ ഭീഷണി; ഡൽഹി ലുട്യൻസ് മേഖലയിൽ അതീവ ജാഗ്രത

വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം.
delhi
ഡൽഹിLaurentiu Morariu/ Unsplash
Published on

ന്യൂഡൽഹി: ലുട്യൻസ് മേഖലയിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾക്കും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ സെല്ലിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനം ഭീകരർ ലക്ഷ്യമിടുന്നതായി രഹസ്യവിവരം ലഭിച്ച പശ്ചാത്തലത്തിൽ ഇവിടെ കനത്ത കാവൽ ഏർപ്പെടുത്തി. പാകിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാത്തലവൻ ഷെഹ്സാദ് ഭട്ടിയുടെ സംഘത്തിൽപ്പെട്ട ഒൻപത് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ സുരക്ഷാ നിർദ്ദേശം.

അറസ്റ്റിലായ സംഘം സോഷ്യൽ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഡൽഹിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രമുഖ രാഷ്ട്രീയ ഓഫീസുകളെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

ബിജെപി ആസ്ഥാനത്തിന് പുറമെ ലുട്യൻസ് മേഖലയിലെ മറ്റ് പ്രധാന സർക്കാർ ഓഫീസുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസിനൊപ്പം അർദ്ധസൈനിക വിഭാഗങ്ങളും സുരക്ഷാ നിരീക്ഷണത്തിനായി രംഗത്തുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം.

Metro Australia
maustralia.com.au