

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡൽഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സിക്കാറിലാണ് സംഭവം. ജുന്‍ജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ റദ്ദാക്കിയത് പ്രദീപിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതോടെ രാജ്യത്ത് നാല് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയിലായിട്ടുണ്ട്. പ്രൊഫസര്‍ പി വി കുല്‍കര്‍ണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവര്‍ത്തങ്ങളില്‍ ഭാഗമായിരുന്നു കുല്‍ക്കര്‍ണി. ഇതുവഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇയാള്‍ സ്വന്തം വീട്ടില്‍ പ്രത്യേക കോച്ചിങ് ക്ലാസുകള്‍ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ചോദ്യങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ത്ഥികള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.