

ന്യൂഡൽഹി: ആരവല്ലി മലനിരകളിൽ ഖനനത്തിനായി പുതിയ അനുമതികൾ നൽകരുതെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് മലനിരകൾ സ്ഥിതി ചെയ്യുന്ന ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് നൽകി. നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്.
ഭൂനിരപ്പിൽ നിന്ന് 100 മീറ്ററെങ്കിലും ഉയർന്നുനിൽക്കുന്ന കുന്നുകളോ 500 മീറ്ററിനുള്ളിൽ സ്ഥിതി ചെയുന്ന കുന്നുകളോ ഭൂപ്രദേശമോ ആണ് ആരവല്ലി കുന്നുകളായി കണക്കാക്കപ്പെടുക എന്നതായിരുന്നു സുപ്രീംകോടതിയുടെ പുതിയ നിർവചനം. ആരവല്ലിയിലുള്ളത് ഭൂരിഭാഗവും ചെറിയ കുന്നുകളാണ്. അതിനാൽ തന്നെ സുപ്രീംകോടതിയുടെ ഈ നിർവചനം മലനിരകളുടെ സംരക്ഷണം ഇല്ലാതെയാക്കും എന്നും അനധികൃത ഖനനം അടക്കമുള്ള പ്രവർത്തികൾ വ്യാപകമാകും എന്നതാണ് ആശങ്ക. പുതിയ നിർവചനത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉണ്ടായത്. ഇതിന് പിന്നാലെയാണ് കേന്ദ്രം ഖനനം സംബന്ധിച്ച നടപടികളിൽ പിന്നോട്ടുപോയത്. നിലവിലെ ഖനനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതും പരിശോധിക്കും. ഇതിന് പുറമെ ഏതെങ്കിലും മേഖലയിൽ ഖനനം നിർത്തേണ്ടതുണ്ടോ എന്നും പഠിക്കും. ഇതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ്റി ആൻഡ് റിസർച്ച് എജ്യുക്കേഷനെ ചുമതലപ്പെടുത്തി. ആരവല്ലി മേഖലയ്ക്കായി ഒരു സുസ്ഥിര ഖനന മാനേജ്മെന്റ് പദ്ധതി തയ്യാറാക്കാനും നിർദേശമുണ്ട്.
ആരവല്ലി മലനിരകൾ ഡൽഹി - എൻസിആർ മേഖലയെ സംബന്ധിച്ച് വളരെ നിർണായകമാണ്. വായുവിന്റെ ഗുണനിലവാരം, കാറ്റിന്റെ ഗതി, ഭൂഗർഭജലം തുടങ്ങിയ പല കാര്യങ്ങളിൽ ആരവല്ലി മലനിരകൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോടതിയുടെ പുതിയ നിർവചനം മേഖലയുടെ വ്യാപക നാശത്തിന് കാരണമാകുമെന്നും വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും എന്നുമാണ് ആശങ്ക.