

ബെംഗളൂരു: കർണാടക തലസ്ഥാനത്ത് പെയ്ത കനത്ത മഴയ്ക്കിടെയുണ്ടായ മതിൽ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ജീവൻ നഷ്ടമായി. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരാണ് മരിച്ച മലയാളികൾ. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലാണ് തകർന്നു വീണത്. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ വിനോദയാത്രയ്ക്കെത്തിയ 56 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ വിമാനമാർഗം ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിംഗിനായി ഇറങ്ങിയപ്പോഴാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. മഴയിൽ നിന്നും രക്ഷനേടാനായി ആശുപത്രി മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്ത് നിൽക്കുമ്പോഴായിരുന്നു ദുരന്തം. വിനോദയാത്രാ സംഘത്തിലെ മറ്റ് മൂന്ന് മലയാളി സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. തെരുവുകച്ചവടക്കാരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ.
സംഭവസ്ഥലം സന്ദർശിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ എം.ജി. റോഡ് ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ കനത്ത വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു.