20,000 സ്കൂൾ വിദ്യാർത്ഥികളുടെ കാഴ്ച പരിശോധനയ്ക്ക് ദേശീയ ക്യാമ്പയിൻ; ഉദ്ഘാടനം ചെയ്ത് അന്ന മിൻസ്

ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസിന്റെ ഭാര്യ അന്ന മിൻസ് ന്യൂഡൽഹിയിലെ നവ ഹിന്ദ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പയിന് ഔദ്യോഗിക തുടക്കം കുറിച്ചു.
20,000 സ്കൂൾ വിദ്യാർത്ഥികളുടെ കാഴ്ച പരിശോധനയ്ക്ക് ദേശീയ ക്യാമ്പയിൻ
ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവടങ്ങളിലാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. (Supplied)
Published on

ന്യൂഡൽഹി: ഇന്ത്യയിലെ സർക്കാർ, ആദിവാസി സ്കൂളുകളിലെ 20,000 കുട്ടികൾക്ക് കാഴ്ച പരിശോധനയും ആവശ്യമായവർക്ക് കണ്ണടകളും ലഭ്യമാക്കുന്നതിനുള്ള ദേശീയ സ്കൂൾ നേത്രാരോഗ്യ ക്യാമ്പയിൻ ഇന്ത്യ വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (IVI) ആരംഭിച്ചു. ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസിന്റെ ഭാര്യ അന്ന മിൻസ് ന്യൂഡൽഹിയിലെ നവ ഹിന്ദ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പയിന് ഔദ്യോഗിക തുടക്കം കുറിച്ചു. വിദ്യാർത്ഥികളുമായി സംവദിച്ച അന്ന മിൻസ്, സ്കൂളിൽ നടന്ന കാഴ്ച പരിശോധനാ പരിപാടി നേരിട്ട് നിരീക്ഷിക്കുകയും കാഴ്ച വൈകല്യങ്ങൾ കണ്ടെത്തിയ വിദ്യാർത്ഥിനികൾക്ക് കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തു.

ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നീ നാല് പ്രധാന നഗരങ്ങളിലായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് നേത്രപരിചരണം കൂടുതൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. “ഓരോ കുട്ടിക്കും വ്യക്തമായ കാഴ്ചയോടെ പഠിക്കാനും വളരാനുമുള്ള അവസരം ലഭിക്കണം. ഈ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഇതിന്റെ ഗുണം ലഭിക്കുന്ന കുട്ടികളിൽ ചിലരെ കാണാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്,” അന്ന മിൻസ് പറഞ്ഞു. കാഴ്ച പ്രശ്നങ്ങൾ കണ്ടെത്താതെ പോകുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിലെ ബോർഡ് വായിക്കാനും പാഠങ്ങൾ പിന്തുടരാനും ആത്മവിശ്വാസത്തോടെ പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് IVI സിഇഒ വിനോദ് ഡാനിയൽ പറഞ്ഞു.

20,000 സ്കൂൾ വിദ്യാർത്ഥികളുടെ കാഴ്ച പരിശോധനയ്ക്ക് ദേശീയ ക്യാമ്പയിൻ
അന്ന മിൻസ് വിദ്യാർത്ഥിനികൾക്ക് കണ്ണടകൾ വിതരണം ചെയ്യുന്നു.(Supplied)

സമയബന്ധിതമായ കാഴ്ച പരിശോധനയും ആവശ്യമായ ഒരു കണ്ണടയും കുട്ടികളുടെ പഠനത്തിലും ഭാവിയിലും വലിയ മാറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “പരിമിതമായ നേത്രപരിചരണ സൗകര്യങ്ങളുള്ള 20,000 കുട്ടികളിലേക്ക് ഈ ക്യാമ്പയിൻ എത്തും. കാഴ്ചക്കുറവ് അവരുടെ വിദ്യാഭ്യാസത്തിനോ ഭാവിക്കോ തടസ്സമാകാതിരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” വിനോദ് ഡാനിയൽ പറഞ്ഞു. കാഴ്ച വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള സേവനങ്ങളും കണ്ണടകളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2030ഓടെ ഫലപ്രദമായ റിഫ്രാക്ടീവ് എറർ പരിചരണത്തിന്റെ വ്യാപനം വർധിപ്പിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ SPECS 2030 പദ്ധതിയുമായി ക്യാമ്പയിൻ ബന്ധപ്പെട്ട് പ്രവർത്തിക്കും. 2012-ൽ സ്ഥാപിതമായതുമുതൽ ഇന്ത്യ വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ 20 ലക്ഷത്തിലധികം പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട ആളുകളിലേക്ക് നേത്രപരിശോധന, കണ്ണട വിതരണം, നേത്രാരോഗ്യ സേവനങ്ങൾ എന്നിവ എത്തിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സർക്കാർ സ്കൂളുകളിലെ നിരവധി കുട്ടികളും ഈ സേവനങ്ങളുടെ ഗുണഭോക്താക്കളാണ്.

Metro Australia
maustralia.com.au