

ടെലികോം വിപണിയില്‍ 65 കോടി വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ട ഭാരതി എയര്‍ടെല്‍. ഇതോടെ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ സേവനദാതാക്കളായി. ഇന്ത്യയിലും ആഫ്രിക്കയിലുമുള്ള ശക്തമായ സാന്നിധ്യമാണ് എയര്‍ടെല്ലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ജിഎസ്എംഎ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് ഭാരതി എയര്‍ടെല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ 36.8 കോടിയിലധികം മൊബൈല്‍ ഉപഭോക്താക്കളാണ് എയര്‍ടെലിനുള്ളത്. ഇതിനുപുറമെ 1.3 കോടി ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 1.5 കോടി ഡിജിറ്റല്‍ ടിവി ഉപയോക്താക്കളും എയര്‍ടെല്ലിനുണ്ട്. 14 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 17.9 കോടി വരിക്കാരും എയര്‍ടെലിനുണ്ട്. 100 കോടിയിലധികം വരിക്കാരുള്ള ചൈന മൊബൈലിന് പിന്നിലായി ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ എയര്‍ടെല്‍. കോട്ടക് ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2021 മുതല്‍ 26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എയര്‍ടെല്‍ 2.9 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഡേറ്റാ ഉപയോക്താക്കളുടെ എണ്ണത്തില്‍ 9.7 ശതമാനം വളര്‍ച്ചയുണ്ട്. കൂടുതല്‍ വരുമാനം നല്‍കുന്ന ഹൈ-വാല്യൂ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കമ്പനി വിജയിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അതേസമയം 65 കോടി ഉപയോക്താക്കള്‍ എന്ന നേട്ടം വലിയ ഉത്തരവാദിത്തമാണെന്ന് ഭാരതി എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. 5ജി സേവനങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച കമ്പനിയെന്ന നിലയില്‍ നൂതന സാങ്കേതിക വിദ്യകളില്‍ എയര്‍ടെല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റല്‍ വിടവ് നികത്തുന്നതിനായി ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലേക്കും കമ്പനി ചുവടുവെക്കുന്നുണ്ട്. ഇതിനായി യുട്ടെല്‍സാറ്റ് വണ്‍വെബ്, സ്‌പേസ് എക്‌സ് എന്നിവയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ വഴി ഗ്രാമപ്രദേശങ്ങളിലും സമുദ്ര, ആകാശ യാത്രകളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.